ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 ക്രിക്കറ്റ് പരമ്പരയ‌്ക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് ഏഴ് മുതൽ ദില്ലിയിലാണ് മത്സരം. വിരാട് കോലിക്ക് വിശ്രമം നൽകിയതിനാൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

അരുൺ ജെയ്റ്റ്‍ലി സ്റ്റേഡിയത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ മലയാളി ക്രിക്കറ്റ് പ്രേമികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സ‍ഞ്ജു സാംസണിലേക്കായിരിക്കും. കെ എൽ രാഹുലിന് പകരം ടീം മാനേജ്‌മെന്‍റ് സഞ്ജുവിനെ പരിഗണിച്ചാൽ മലയാളിതാരം മൂന്നാമനായി ക്രീസിലെത്തിയേക്കും. ഇരട്ട സെഞ്ചുറിയടക്കമുള്ള സീസണിലെ മികച്ച പ്രകടനം സഞ്ജുവിനും ആരാധകർക്കും പ്രതീക്ഷനൽകുന്നു. 

കൂറ്റനടികൾക്ക് പേരുകേട്ട മുംബൈ ഓൾറൗണ്ടർ ശിവം ദുബേ അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവർക്കൊപ്പം യുസ്‍വേന്ദ്ര ചാഹലും ടീമിൽ ഇടംപിടിക്കും. 

വിലക്ക് നേരിടുന്ന ക്യാപ്റ്റൻ ഷാകിബ് അൽ ഹസൻ, തമീം ഇഖ്‌ബാൽ, മുഹമ്മദ് സെയ്ഫുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ബംഗ്ലാദേശ് ശക്തിപരീക്ഷണത്തിന് ഇറങ്ങുന്നത്. ലിറ്റൻ ദാസ്, സൗമ്യ സർക്കാർ, മുഷ്‌ഫീഖർ റഹിം തുടങ്ങിയവരിലാണ് മഹമ്മദുള്ള നയിക്കുന്ന ബംഗ്ലാ നിരയുടെ പ്രതീക്ഷ. ബംഗ്ലാദേശിനെതിരെ കളിച്ച എട്ട് ടി20യിലും ഇന്ത്യക്കായിരുന്നു ജയം. ഡൽഹി പുകമഞ്ഞിൽ ശ്വാസംമുട്ടുകയാണെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.