റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ - അമേരിക്കൻ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തിയ പുടിൻ, സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു

മോസ്കോ: ഇസ്രായേൽ - അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്‍റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ - ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി എട്ടാം നാളിലാണ് സമാധാനത്തിനായുള്ള പുടിന്‍റെ നിർണായക ഇടപെടൽ.

യുദ്ധം അവസാനിപ്പിക്കണം

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ - സൈനിക നേതാക്കൾ, നിരവധി സാധാരണക്കാർ എന്നിവരുടെ വേർപാടിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനോടുള്ള റഷ്യയുടെ ശക്തമായ എതിർപ്പ് പുടിൻ ആവർത്തിച്ചു. സായുധ ആക്രമണങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തേടണമെന്നും ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജി സി സി അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യൻ പക്ഷത്തുനിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പുടിൻ അറിയിച്ചു.

നന്ദി പറഞ്ഞ് ഇറാൻ പ്രസിഡന്‍റ്

ഇറാന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ റഷ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയൻ നന്ദി അറിയിച്ചു. സംഘർഷത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പുടിനെ വിശദമായി ധരിപ്പിച്ചു. പശ്ചിമേഷ്യയിലെ ഈ യുദ്ധസാഹചര്യം ആഗോള എണ്ണവില വർധിക്കുന്നതിനും സാമ്പത്തിക അനിശ്ചിതത്വത്തിനും കാരണമായിട്ടുണ്ടെന്നും ഇരു നേതാക്കളും വിലയിരുത്തി. വിവിധ തലങ്ങളിലുള്ള ചർച്ചകൾ വരും ദിവസങ്ങളിലും തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player