രാജ്കോട്ട്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ രാജ്‌കോട്ടില്‍ നടക്കും. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യക്ക് മത്സരം നിര്‍ണായകമാണ്. ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിന് കീഴില്‍ മലയാളി താരം സഞ്ജു സാംസൺ ഇന്നലെ പ്രത്യേക പരിശീലനം നടത്തി. എന്നാല്‍ സഞ്ജു നാളെ കളിക്കുമോയെന്ന് വ്യക്തമായിട്ടില്ല.

'മഹ ചുഴലിക്കാറ്റ്' ഭീഷണിയിലുള്ള രാജ്‌കോട്ടില്‍ മത്സരത്തിനിടെ മഴപെയ്യുമെന്ന ആശങ്കയുണ്ട്. മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്‌പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും. എന്നാല്‍ ഇന്ത്യന്‍ ടീമിന് സമ്മര്‍ദം ഇല്ലെന്നും ആദ്യ മത്സരത്തെ കുറിച്ച് താരങ്ങള്‍ ചിന്തിക്കുന്നില്ലെന്നും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹൽ വ്യക്തമാക്കി. 

ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ടി20യില്‍ ഇന്ത്യക്കെതിരെ ആദ്യ ജയമാണ് ബംഗ്ലാദേശ് നേടിയത്. 41 റണ്‍സെടുത്ത ശിഖര്‍ ധവാന് മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ തിളങ്ങാനായത്. 43 പന്തില്‍ 60 റണ്‍സെടുത്ത മുഷ്‌ഫീഖുര്‍ റഹീമാണ് ബംഗ്ലാ കടുവകള്‍ക്ക് ചരിത്ര ജയം സമ്മാനിച്ചത്. ഫീല്‍ഡിംഗ് പിഴവുകളാണ് ദില്ലിയില്‍ തിരിച്ചടിയായതെന്ന് നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.