രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ 154 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും തകര്‍ത്തടിക്കുമ്പോള്‍ ഇന്ത്യ 7.1 ഓവറില്‍ 82 റണ്‍സെടുത്തിട്ടുണ്ട്. 23 പന്തിലാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. കരിയറിലെ 100-ാം അന്താരാഷ്‌ട്ര ടി20യിലാണ് ഹിറ്റ്‌മാന്‍ നിറഞ്ഞാടുന്നത് എന്നതാണ് ശ്രദ്ധേയം. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശിനെ ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ബൗളിംഗാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ ഫീല്‍ഡിംഗ് പിഴവുകളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണായകമായി.

ആവേശം കൂടിപ്പോയ പന്ത് വരുത്തിയ വിനകള്‍!

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നൈമും ചേര്‍ന്ന് മികച്ച തുടക്കം ബംഗ്ലാദേശിന് നല്‍കി. ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്‍റെ മണ്ടത്തരം ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തി. ലിറ്റണ്‍ ദാസിന്‍റെ ക്യാച്ച് എടുത്തെങ്കിലും പന്തിന്‍റെ ഗ്ലൗ വിക്കറ്റിന് മുന്നിലെത്തിയിരുന്നു. ഇതോടെ മൂന്നാം അംപയര്‍ നോട്ടൗട്ട് വിധിച്ചു. ഏഴാം ഓവറില്‍ ലിറ്റണെ രോഹിത് ശര്‍മ്മ നിലത്തിട്ടത് മറ്റൊരു തിരിച്ചടി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ചാഹല്‍ വീണ്ടും പന്തെടുത്തപ്പോള്‍ ലിറ്റണെ 29ല്‍ നില്‍ക്കേ റണൗട്ടാക്കി ഋഷഭ് പന്ത് പ്രായ്ശ്ചിത്വം ചെയ്തു. ആദ്യ വിക്കറ്റില്‍ 7.2 ഓവറില്‍ പിറന്നത് 60 റണ്‍സ്. 

ചാഹലിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ് 

മുഹമ്മദ് നൈമിനെ(36) വാഷിംഗ്‌ടണ്‍ സുന്ദറും കഴിഞ്ഞ കളിയിലെ വീരന്‍ മുഷ്‌ഫീഖുര്‍ റഹീമിനെ(4) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. ഇതേ ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും(30) ചാഹല്‍ മടക്കി. ആറ് റണ്‍സെടുത്ത ആഫിഫ് ഹൊസൈനെ 16.3 ഓവറില്‍ ഖലീല്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ മഹ്മുദുള്ളയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു. മഹ്‌മുദുള്ള 21 പന്തില്‍ 30 റണ്‍സെടുത്തു. മൊസദേക്കും(7*) അമിനുലും(5*) പുറത്താകാതെ നിന്നു. ചാഹല്‍ രണ്ടും വാഷിംഗ്‌ടണും ചഹാറും ഖലീലും ഓരോ വിക്കറ്റും വീഴ്‌ത്തി.