രാജ്‌കോട്ട്: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടി20ക്ക് ആശങ്കയായി കാലാവസ്ഥ. രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്ന ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. 

മത്സരം പൂര്‍ണമായും തടസപ്പെടുത്തുമെന്ന് കരുതിയ മഹ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞത് എന്നാല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്നലെ വൈകിട്ട് സ്റ്റേഡിയത്തില്‍ ശക്തമായ മഴ പെയ്‌തിരുന്നു. സൗരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് മികച്ച ഡ്രൈനേജ് സംവിധാനമുണ്ടെന്നതും ആശ്വാസമാണ്. മത്സരത്തിന് മുന്‍പ് മഴ പെയ്യാതിരുന്നാല്‍ വലിയ ആശങ്കകള്‍ ഒഴിവാകും. എങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും മത്സരം നടക്കുമ്പോള്‍ രാജ്‌കോട്ടില്‍.

മഴ കളി മുടക്കിയാല്‍ തിരിച്ചടിയേല്‍ക്കുക ടീം ഇന്ത്യക്കാണ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ തോറ്റ ഇന്ത്യക്ക് പരമ്പരയിലെ അവസാന മത്സരം അഗ്‌നിപരീക്ഷയാകും. ദില്ലിയില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ജയിച്ചത്. മലയാളി താരം സഞ്‌ജു സാംസണ്‍ കളിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.