തുടക്കത്തില്‍ ഉമേഷ് യാദവാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത് ശദ്മാന്‍ ഇസ്ലാമിനെയും(29), ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെയും(0), മൊഹമ്മദ് മിഥുനെയും(0) ഉമേഷ് മടക്കിയതോടെ ബംഗ്ലാദേശ് 28/4 ലേക്ക് കൂപ്പുകുത്തി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച പിങ്ക് ടെസ്റ്റില്‍ ടോസിലെ ഭാഗ്യം മാത്രമെ ബംഗ്ലാദേശിന് കൂട്ടുണ്ടായിരുന്നുളളു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വെറും106 റണ്‍സിന് കൂടാരം കയറിയപ്പോള്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ച് ഇന്ത്യ കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ബാറ്റ് വീശുകയാണ്. 59 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും 23 റണ്‍സോടെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും ക്രീസില്‍. മായങ്ക് അഗര്‍വാള്‍(14), രോഹിത് ശര്‍മ(21), ചേതേശ്വര്‍ പൂജാര(55) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
ഭാഗ്യം ടോസില്‍ മാത്രം
ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ തുണച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്ന് ശങ്കിച്ചതാണ്. ആദ്യ ഓവറുകളില്‍ അസാധാരണ സ്വിംഗൊന്നുമില്ലാതെ പേസര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ബംഗ്ലാദേശ് ആശ്വസിച്ചു. എന്നാല്‍ സ്കോര്‍ 15ല്‍ നില്‍ക്കെ ഇമ്രുള്‍ കെയ്സിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കി ഇഷാന്ത് തുടക്കമിട്ട വിക്കറ്റ് വേട്ട ഷമിയും ഉമേഷും ചേര്‍ന്ന് പൂര്‍ത്തിയാക്കി.
ഫൈവ് സ്റ്റാര്‍ ഇഷാന്ത്
തുടക്കത്തില്‍ ഉമേഷ് യാദവാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത് ശദ്മാന്‍ ഇസ്ലാമിനെയും(29), ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെയും(0), മൊഹമ്മദ് മിഥുനെയും(0) ഉമേഷ് മടക്കിയതോടെ ബംഗ്ലാദേശ് 28/4 ലേക്ക് കൂപ്പുകുത്തി. മുഷ്ഫിഖുറിനെ(0) വീഴ്ത്തി ഷമിയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ ബംഗ്ലാദേശ് കൂട്ടത്തകര്‍ച്ചയിലായി.
തന്റെ രണ്ടാം സ്പെല്ലിനെത്തിയ ഇഷാന്ത് വേഗം കൊണ്ടും സ്വിംഗുകൊണ്ടും ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. മഹ്മദുള്ള(6), നയീം ഹസന്‍(19), എബ്ദത്ത് ഹൊസൈന്‍(1), മെഹ്ദി ഹസന്‍(8) എന്നിവരെ പുറത്താക്കി ഇഷാന്ത് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ അബു ജെയ്ദിനെ മടക്കി ഷമി ബംഗ്ലാദേശ് ഇന്നിംഗ്സിന് തിരശീലയിട്ടു.
തകര്‍ച്ചയോടെ തുടക്കം
ബംഗ്ലാദേശിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ മായങ്ക് അഗര്‍വാളിനെ(14) നഷ്ടമായി. പിന്നാലെ രോഹിത് ശര്‍മയും(21) വീണതോടെ പിങ്ക് ടെസ്റ്റില്‍ ഇന്ത്യക്കും പണി കിട്ടുമോ എന്ന് ആരാധകര്‍ ശങ്കിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നുള്ള 94 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൂജാര വീണെങ്കിലും രഹാനെ ഉറച്ചു നിന്നതോടെ ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
