നാഗ്‌പൂര്‍: ഇന്ത്യ- ബംഗ്ലാദേശ് ട്വന്‍റി20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് നാഗ്‌പൂരിൽ നടക്കും. ദില്ലിയിൽ ബംഗ്ലാദേശും രാജ്കോട്ടിൽ ഇന്ത്യയും ജയിച്ച് ഒപ്പത്തിനൊപ്പം ആണിപ്പോൾ. നാഗ്‌പൂരിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 

ക്യാപ്റ്റൻ രോഹിത് ശ‍ർമ്മയുടെ ബാറ്റിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ അനായാസ ജയം. നിർണായക മത്സരമായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഇതുകൊണ്ടു തന്നെ മലയാളിതാരം സഞ്ജു സാംസണ് അവസരം കിട്ടാൻ സാധ്യത കുറവാണ്. 

രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കരുത്താണ് ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഏറെ റണ്‍സ് വിട്ടുകൊടുക്കുന്ന ഇടംകൈയന്‍ മീഡിയം പേസര്‍ ഖലീല്‍ അഹമ്മദിന്‍റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാണ്. 37, 44 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ താരം വിട്ടുകൊടുത്ത റണ്‍സ്. കെ എല്‍ രാഹുല്‍ ഫോമിലെത്താത്തത് മറ്റൊരു ഭീഷണി.

എന്നാല്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുന്ന ശ്രേയസ് അയ്യരെ ഇന്ത്യ പിന്‍വലിക്കില്ല. നായകന്‍ രോഹിത് ശര്‍മ്മയുടെ പിന്തുണയുള്ളതിനാല്‍ വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തും തുടരും.