കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിങ് ധോണി പുതിയ റോളിലേക്ക്. കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ധോണി കമന്റേറ്ററുടെ വേഷത്തിലെത്തിയേക്കും. ഇന്ത്യ കളിക്കുന്ന ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റാണ് കൊല്‍ക്കത്തയില്‍ നടക്കുക.

ചരിത്ര ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകൻമാരെയും ഈഡൻ‌ ഗാർഡന്‍സിലേക്ക് ക്ഷണിക്കും. നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്കും ഇന്ത്യന്‍ ടീമിനുമൊപ്പം മുൻ നായകൻമാരെയും ദേശീയ ഗാനത്തിന് അണിനിരത്താനാണ് ശ്രമം. അതിനുശേഷം ഓരോ ക്യാപ്റ്റൻമാരും ഊഴം വച്ച് കമന്ററി ബോക്സിൽ അതിഥിയായെത്തും. ഈ പദ്ധതിയുടെ ഭാഗമായാണ് ധോണിയെ കമന്റേറ്ററിന്റെ വേഷത്തിൽ എത്തിക്കാനുള്ള ശ്രമം. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണിയുടെ സെഷന്‍.

കൊല്‍ക്കത്തയില്‍ നവംബര്‍ 22നാണ് ചരിത്ര മത്സരം ആരംഭിക്കുന്നത്. ഇരു ടീമും ആദ്യമായാണ് പകല്‍-രാത്രി ടെസ്റ്റ് കളിക്കുന്നത് എന്നതും സവിശേഷതയാണ്. കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്‌ഡില്‍ ഓസീസിനെതിരെ ഡേ-നൈറ്റ് മത്സരം കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. നായകന്‍ വിരാട് കോലിയുടെ നിലപാടുകളായിരുന്നു മത്സരത്തിന് തിരിച്ചടിയായത്. എന്നാല്‍ ബിസിസിഐ പ്രസിഡന്‍റായി സൗരവ് ഗാംഗുലിയെത്തിയതോടെ കോലി നിലപാട് മാറ്റുകയായിരുന്നു.