കൊല്‍ക്കത്ത: മഞ്ഞു വീഴ്ച വില്ലനാവുമെന്നതിനാല്‍ ഇന്ത്യ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിന്റെ സമയം നേരത്തെയാക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം തുടങ്ങി എട്ട് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മത്സരസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം 22 മുതല്‍ 26വരെ കൊല്‍ക്കത്തയിലാണ് ടെസ്റ്റ്.

എട്ടു മണിക്ക് ശേഷം മഞ്ഞുവീഴ്ച കൂടുമെന്നതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് മത്സരം നേരത്തെ തുടങ്ങുന്നത്. ഒരു മണി മുതല്‍ മൂന്ന് മണിവരെയായിരിക്കും ആദ്യ സെഷന്‍. 3.40 മുതല്‍ 5.40 വരെ രണ്ടാമത്തെ സെഷനും ആറ് മണി മുതല്‍ എട്ട് മണി വരെ മൂന്നാമത്തെ സെഷനും നടക്കും.

മത്സരം നേരത്തെയാക്കുന്നത് മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാന്‍ ഉപകരിക്കുമെന്ന് ഈഡന്‍ ഗാര്‍ഡന്‍സ് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടരക്കുശേഷമായിരിക്കും കാര്യമായ മഞ്ഞുവീഴ്ചയെന്നതിനാല്‍ എട്ടു മണിക്ക് മത്സരം പൂര്‍ത്തിയാക്കിയാല്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ബുദ്ധിമട്ടുകളുണ്ടാവില്ല.

ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് സ്റ്റേഡിയം നിറയെ കാണികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മൂന്ന് ദിവസത്തെ കളി കാണാനായി 50000ത്തോളം ടിക്കറ്റുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്.