രാജ്‌കോട്ട്: ഈ പോക്കുപോയാല്‍ ഋഷഭ് പന്തിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റിന് എത്രനാള്‍ പിന്തുണയ്‌ക്കാനാകും എന്ന് ആരാധകര്‍ ചിന്തിക്കുക സ്വാഭാവികം. ബാറ്റിംഗ് പരാജയത്തിന് നാളുകളായി വിമര്‍ശനം നേരിടുന്ന പന്ത് വിക്കറ്റിന് പിന്നിലും മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗ്ലാദേശിനെതിരായ രാജ്‌കോട്ട് ടി20യില്‍ വിക്കറ്റ് കീപ്പിംഗിന്‍റെ പ്രാഥമിക പാഠങ്ങള്‍ പോലും മറന്ന പന്തിനെയാണ് കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് മിന്നും തുടക്കം നേടിയ ബംഗ്ലാദേശിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തിയിരുന്നു ഋഷഭ് പന്ത്. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ ലിറ്റന്‍ ദാസിന്‍റെ വിക്കറ്റ് പിഴുതെങ്കിലും സ്റ്റംപിന്‍റെ മുന്നോട്ടുകയറിയാണ് പന്ത് കൈക്കലാക്കിയത് എന്ന് മൂന്നാം അംപയര്‍ കണ്ടെത്തുകയായിരുന്നു. ലിറ്റണ്‍ ക്രീസിന് ഏറെദൂരം പുറത്തായിരുന്നപ്പോള്‍ പന്തിന് അമിതാവേശമാണ് പാരയായത്.  

ഇതിഹാസ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയില്‍ നിന്ന് ഋഷഭ് പന്ത് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്നായി ഇതോടെ ആരാധകര്‍. 

എന്നാല്‍ ലിറ്റണെ 29ല്‍ നില്‍ക്കേ റണൗട്ടാക്കി ഋഷഭ് പന്ത് പകരംവീട്ടി. എങ്കിലും അനായാസ ത്രോകള്‍ പോലും പിടിക്കാനാകാതെ പന്ത് കുഴങ്ങുന്നത് രാജ്‌കോട്ടില്‍ കാണാനായി. 13-ാം ഓവറില്‍ സൗമ്യ സര്‍ക്കാറിനെ സ്റ്റംപിങ്ങിന് ശ്രമിച്ചപ്പോളും പന്തിന്‍റെ ഗ്ലൗ വിക്കറ്റിന് മുന്നിലെത്തിയോ എന്ന സംശയമുയര്‍ന്നു. എന്നാല്‍ ഇത്തവണ ഭാഗ്യത്തിന് ഋഷഭ് രക്ഷപെട്ടു. ആദ്യ ടി20യിലും വിക്കറ്റിന് പിന്നിലെ മോശം പ്രകടനത്തിന് പന്ത് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഡിആര്‍എസ് മണ്ടത്തരങ്ങളാണ് അന്ന് പന്തിന് തലവേദനയായത്.