പരിചയസമ്പത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാമെന്ന് കരുതുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് തോല്‍വി എന്നും മനോജ് തിവാരി 

ദില്ലി: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിലെ പരാജയത്തില്‍ ഇന്ത്യന്‍ ടീമിനും സെലക്ടര്‍മാര്‍ക്കും എതിരെ ആഞ്ഞടിച്ച് മനോജ് തിവാരി. ബംഗ്ലാദേശിനെതിരായ മത്സരഫലം നിരാശനല്‍കുന്നു. ഒട്ടേറെ മേഖലകളില്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ട്. പരിചയസമ്പത്ത് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാമെന്ന് കരുതുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് തോല്‍വി എന്നും മനോജ് തിവാരി കുറിച്ചു.

Scroll to load tweet…

പരിചയസമ്പന്നരല്ലാത്ത ടീമിനെ ബംഗ്ലാദേശിനെതിരെ ഇറക്കിയതിനേയാണ് മനോജ് തിവാരി ചോദ്യം ചെയ്യുന്നത്. ഏകദിന ലോകകപ്പിന് ശേഷം നടന്ന മൂന്ന് പരമ്പരകളില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി നിരവധി താരങ്ങളെ പരീക്ഷിക്കുകയാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ്. ഇതിനാല്‍ യുവനിരയ്‌ക്ക് പ്രാധാന്യം നല്‍കിയാണ് ബംഗ്ലാദേശിനെതിരായ ടീമിനെ തെരഞ്ഞെടുത്തത്. സ്ഥിരം നായകന്‍ വിരാട് കോലിയാവട്ടെ വിശ്രമത്തിലുമാണ്.

ദില്ലിയില്‍ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 148 റണ്‍സ് നേടിയപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മൂന്ന് മാത്രം വിക്കറ്റ് നഷ്‌ടത്തില്‍ ബംഗ്ലാ കടുവകള്‍ വിജയിച്ചു. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫീഖുര്‍ റഹീമാണ്(60) ബംഗ്ലാദേശിന്‍റെ വിജയശില്‍പി. ടി20യില്‍ ഇന്ത്യക്കെതിരായ ബംഗ്ലാദേശ് വിജയിക്കുന്നത് ഇതാദ്യമാണ്.

രോഹിത് ശര്‍മ്മ(9), ശിഖര്‍ ധവാന്‍(41), ലോകേഷ് രാഹുല്‍(15), ശ്രേയസ് അയ്യര്‍(22), ഋഷഭ് പന്ത്(27), ശിവം ദുബെ(1), ക്രുനാല്‍ പാണ്ഡ്യ(15), വാഷിംഗ്‌ടണ്‍ സുന്ദര്‍(14) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. ബൗളിംഗില്‍ ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ അസാന്നിധ്യം നിഴലിക്കുകയും ചെയ്തു. ദീപക് ചഹാറും ഖലീല്‍ അഹമ്മദും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വാഷിംഗ്‌ടണിനും ക്രുനാലിനും ദുബെക്കും വെറും കയ്യോടെ മടങ്ങേണ്ടിവന്നു.