കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ കമന്റേറ്റര്‍ ബോക്സില്‍ ധോണിയെ കാണാമെന്ന ആരാധകരുടെ ആഗ്രഹം നടക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലെങ്കിലും ബിസിസിഐയുമായി വാര്‍ഷിക കരാറുള്ള ധോണിക്ക് കമന്റേറ്ററായി ജോലി ചെയ്യാനാവില്ലെന്നതിനാലാണിത്.

മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ചരിത്ര ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നായകരെ കമന്റേറ്റര്‍മാരായി രംഗത്തിറക്കാനുള്ള ആശയം ബിസിസിഐക്ക് മുമ്പാകെ വെച്ചത്. കമന്ററി പറയാന്‍ എത്തിയാല്‍ അത് ഭിന്നതാല്‍പര്യമാവുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്.  ഈ സാഹചര്യത്തില്‍ മത്സരം കാണാനെത്തിയാലും ധോണിയ്ക്ക് കമന്ററി പറയാനാവില്ല.

ടെസ്റ്റ് തുടങ്ങുന്ന ഈ മാസം 22ന് ആദ്യ ദിവസം ധോണിയെ കമന്റേറ്ററാക്കാനായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്റെ പദ്ധതി . ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുന്‍ നായകന്‍മാരെയെല്ലാം ഇത്തരത്തില്‍ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് മുന്‍താരങ്ങള്‍ കമന്ററി ബോക്സിലിരുന്ന് സംസാരിക്കുമെന്നാണ് സ്റ്റാര്‍ അറിയിച്ചിരുന്നത്.

ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊല്‍ക്കത്ത ടെസ്റ്റ് വിജയത്തെക്കുറിച്ട് ടീം അംഗങ്ങളായിരുന്ന വിവിഎസ് ലക്ഷ്മ്ണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നത് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ കുംബ്ലെയോ ദ്രാവിഡോ പരിപാടിയില്‍ പങ്കെടുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.