Asianet News MalayalamAsianet News Malayalam

കട്ട ഹീറോയിസം; ധോണി 62 ഇന്നിംഗ്‌സില്‍ നേടിയത് 17 ഇന്നിംഗ്‌സില്‍ മറികടന്ന് രോഹിത് ശര്‍മ്മ!

ടി20യില്‍ സിക്‌സറടിയുടെ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ്മ. മറികടന്നത് എം എസ് ധോണിയെ. 

India vs Bangladesh Rohit Sharma breaks MS Dhonis record
Author
Rajkot, First Published Nov 8, 2019, 10:05 AM IST

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയെ ജയിപ്പിച്ചതിന്‍റെ ക്രഡിറ്റ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്‌ക്കാണ്. 43 പന്തില്‍ 85 റണ്‍സ് നേടിയ രോഹിത് ഹീറോയിസമാണ് ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചത്. തുടക്കം മുതല്‍ ബംഗ്ലാ ബൗളര്‍മാരെ കടന്നാക്രമിച്ച രോഹിത് ആറ് സിക്‌സുകള്‍ ഗാലറിയിലെത്തിച്ചു. 

ഇതോടെ സിക്‌സര്‍ വേട്ടയുടെ ഇന്ത്യന്‍ റെക്കോര്‍ഡിലാണ് രോഹിത് ശര്‍മ്മ ഇടംപിടിച്ചത്. പിന്നിലായത് ഇതിഹാസ നായകന്‍ എം എസ് ധോണിയും. അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 62 ഇന്നിംഗ്‌സുകളില്‍ നിന്ന് ധോണി നേടിയ 34 സിക്‌സുകളുടെ റെക്കോര്‍ഡ് മറികടന്ന രോഹിത് വെറും 17 ഇന്നിംഗ്‌സില്‍ 37 സിക്‌സുകള്‍ പേരിലാക്കി. മൂന്നാം സ്ഥാനത്തുള്ള വിരാട് കോലി 26 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 26 സിക്‌സുകള്‍.

ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമെന്ന നേട്ടത്തിലുമെത്തി ഹിറ്റ്‌മാന്‍. 66 സിക്‌സുകളാണ് 2019ല്‍ രോഹിത് ശര്‍മ്മ നേടിയത്. 2017ലും 2018ലും റെക്കോര്‍ഡ് തന്‍റെ പേരിലാക്കിയ രോഹിത് ശര്‍മ്മ യഥാക്രമം 65, 74 സിക്‌സുകള്‍ നേടിയിരുന്നു.

രാജ്‌കോട്ട് ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ബംഗ്ലാദേശിന്‍റെ 153 റൺസ് ഇന്ത്യ 26 പന്ത് ശേഷിക്കേ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. ഇന്ത്യയുടെ വിജയശില്‍പിയായ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്. കരിയറിലെ നൂറാം അന്താരാഷ്‌ട്ര ടി20യിലാണ് രോഹിത് ശര്‍മ്മ ബാറ്റ് കൊണ്ട് വിസ്‌മയമായത്. 

Follow Us:
Download App:
  • android
  • ios