രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീമില്‍ മാറ്റമുണ്ടാവുമെന്ന സൂചന നല്‍കിയ ക്യപ്റ്റന്‍ രോഹിത് ശര്‍മ. എന്നാല്‍ ബാറ്റിംഗിലല്ല, ബൗളിംഗിലാകും മാറ്റമുണ്ടാകുകയെന്നും രോഹിത് വ്യക്തമാക്കി. ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ആദ്യ ടി20യില്‍ ബാറ്റിംഗ് നിര മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തതെന്നും രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിച്ചും സാഹചര്യങ്ങളും അനുസരിച്ചാണ് അന്തിമ തീരുമാനമെടുക്കുകയെന്നും രോഹിത് പറഞ്ഞു. മലയാളി താരം സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും അവസരം ലഭിക്കാനിടയില്ലെന്നാണ് രോഹിത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ദില്ലിയിലെ പിച്ച് കൂടി കണക്കിലെടുത്താണ് ഖലീലിനെയും ചാഹറിനെയും പേസ് ബൗളര്‍മാരായി കളിപ്പിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പിച്ച് പരിശോധിച്ച ശേഷം ആരെ കളിപ്പിക്കണമെന്ന് തീരുമാനിക്കും.

ദില്ലിയിലെ പിച്ചിനെക്കാള്‍ റണ്‍സ് പിറക്കുന്ന പിച്ചാണ് രാജ്കോട്ടിലേതെന്നും ബൗളര്‍മാര്‍ക്കും ചെറിയ സഹായം ലഭിക്കുമെന്നും രോഹിത് പറഞ്ഞു. രോഹിത്തിന്റെ വാക്കുകള്‍ കണക്കിലെടുത്താല്‍ രണ്ടാം ടി20യില്‍ ഇന്ത്യ ഖലീല്‍ അഹമ്മദിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂറിന് അവസരം നല്‍കിയേക്കും. ആദ്യ ടി20യില്‍ ഖലീല്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു ബൗണ്ടറി അടിച്ചാണ് ബംഗ്ലാദേശ് വിജയം ഉറപ്പിച്ചത്.