കൊല്‍ക്കത്ത: ടെസ്റ്റില്‍ തുടര്‍ച്ചയായ നാലാം ഇന്നിംഗ്‌സ് ജയമാണ് ടീം ഇന്ത്യ ഇന്ന് നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ ഡേ-നൈറ്റ് ടെസ്റ്റില്‍ കോലിയും സംഘവും ഇന്നിംഗ്‌സിനും 46 റണ്‍സിനും വിജയിച്ചതോടെയാണിത്. മത്സരശേഷം മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് നന്ദിപറഞ്ഞ് ടീം നായകന്‍ വിരാട് കോലി രംഗത്തെത്തിയിരുന്നു. 

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയയാത്രക്ക് തുടക്കമിട്ടത് ദാദയാണ്, അത് തുടരുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു മത്സരശേഷം കോലിയുടെ പ്രതികരണം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗാവസ്‌കര്‍. 

"ഇത് ഐതിഹാസിക വിജയമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദാദയുടെ ടീമിന്‍റെ വരവോടെയാണ് ടീം ഇന്ത്യ വിജയിക്കാന്‍ തുടങ്ങിയത് എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍(വിരാട് കോലി) പറഞ്ഞത്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റാണ് എന്ന് എനിക്കറിയാം. അതിനാല്‍ ചിപ്പോള്‍ അദേഹത്തെ കുറിച്ച് നല്ല വാക്കുകള്‍ കോലിക്ക് പറയേണ്ടതുണ്ടാകാം. എന്നാല്‍ 70കളിലും 80കളിലുമെല്ലാം ടീം ഇന്ത്യ വിജയിക്കാറുണ്ടായിരുന്നു. അന്ന് കോലി ജനിച്ചിട്ടുപോലുമില്ല"- ഗാവസ്‌കര്‍ തുറന്നടിച്ചു. 

ഏറെപ്പേര്‍ കരുതിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരംഭിച്ചത് 2000ത്തിലാണ് എന്നാണ് എന്നും ഗാവസ്‌കര്‍ പറഞ്ഞു. "ഇവിടെ ക്രിക്കറ്റിന് തുടക്കമായത് രണ്ടായിരാമാണ്ടില്‍ മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എഴുപതുകളില്‍ ഇന്ത്യന്‍ ടീം വിദേശത്ത് ജയിച്ചിരുന്നു. 1986ലും ടീം ഇന്ത്യ വിദേശത്ത് ജയിച്ചു. വിദേശത്ത് സമനിലകള്‍ നേടാനും ടീമിനായിട്ടുണ്ട്" എന്നും ഇതിഹാസ ബാറ്റ്സ്‌മാന്‍ ഓര്‍മ്മിപ്പിച്ചു. 

"ടെസ്റ്റ് ക്രിക്കറ്റ് മാനസികമായ പോരാട്ടം കൂടിയാണ്. തലയയുര്‍ത്തി നില്‍ക്കാന്‍ പഠിച്ചുകഴിഞ്ഞു- എല്ലാം ആരംഭിച്ചത് ദാദയുടെ ടീമില്‍ നിന്നാണ്. ഞങ്ങള്‍ അത് തുടരുക മാത്രമാണ് ചെയ്യുന്നത്. ലോകത്തെ ഏത് പിച്ചിലും തിളങ്ങാനുള്ള പ്രതിഭ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. വിദേശത്തും വിക്കറ്റുകള്‍ വീഴ്‌ത്താനാകുമെന്ന് സ്‌പിന്നര്‍മാര്‍ കാട്ടുന്നു"- എന്നായിരുന്നു കൊല്‍ക്കത്തയില്‍ പരമ്പര ജയശേഷം വിരാട് കോലിയുടെ പ്രതികരണം.