ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. ബംഗ്ലാദേശിനെതിരെ മൂന്നു പേസര്‍മാരുമായി ഇറങ്ങുമെന്നാണ് കോലി മത്സരത്തലേന്ന് നല്‍കുന്ന സൂചന. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ മായങ്ക അഗര്‍വാള്‍ സഖ്യം തന്നെയാവും ഇന്ത്യക്കായി ഇറങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ ഇരുവരും മിന്നുന്ന ഫോമിലായിരുന്നു. ഏകദിനത്തിലെ മികവ് ടെസ്റ്റിലേക്കും രോഹിത് പകര്‍ത്തിയതോടെ ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മ ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടുണ്ട്.

വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും എത്തുമെന്നുറപ്പാണ്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ തന്നെയാവും അഞ്ചാമനായി ക്രീസിലെത്തുക. ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ ഇറങ്ങുമ്പോള്‍ ഏഴാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയെത്തും. എട്ടാം നമ്പറില്‍ ആര്‍ അശ്വിന്‍  കളിക്കാനിറങ്ങും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ഇഷാന്ത് ശര്‍മയുടെ മടങ്ങിവരവാണ് ടീമില്‍ പ്രതീക്ഷിക്കുന്ന ഏക മാറ്റം. പേസര്‍മാരായി ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഇഷാന്തിനൊപ്പം ചേരും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.