കൊല്‍ക്കത്ത: റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നത് വിരാട് കോലിയുടെ ശീലമാണ്. കോലി തകര്‍ക്കുന്ന രെക്കോര്‍ഡുകളില്‍ ഭൂരിഭാഗവും ബാറ്റിംഗ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേതാവുമെന്നത് യാദൃശ്ചികതയും. കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതെ സെഞ്ചുറി നേടിയതിലൂടെ സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോലി മറികടന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 70 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി പിന്നിലാക്കിയത്. കോലി 439 ഇന്നിംഗ്സുകളില്‍ നിന്ന് 70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയപ്പോള്‍ സച്ചിന്‍ ഈ നേട്ടത്തിലെത്തിയത് 505 ഇന്നിംഗ്സില്‍ നിന്നായിരുന്നു. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയതാകട്ടെ 649 ഇന്നിംഗ്സില്‍ നിന്നും.

സച്ചിന്റെ മറ്റൊരു റെക്കോര്‍ഡിന് ഒപ്പമെത്താനും ഇന്നത്തെ സെഞ്ചുറി നേട്ടത്തിലൂടെ കോലിക്കായി. ടെസ്റ്റില്‍ അതിവേഗം 27 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമാണ് കോലി ഇന്ന് എത്തിയത്. 141 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിനും കോലിയും 27-ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഇന്നലെ 32 റണ്‍സ് നേടിയതോടെ കോലി ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനുമാണ് കോലി.