ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. 82 ടെസ്റ്റില്‍ നിന്ന് 7066 റണ്‍സ് നേടിയിട്ടുള്ള കോലിക്ക് 157 റണ്‍സ് കൂടി നേടിയാല്‍ റണ്‍വേട്ടയില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടക്കാനാവും.

113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലിയുടെ നേട്ടം. നിലവില്‍ ടെസ്റ്റ് റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്താണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(15921), രാഹുല്‍ ദ്രാവിഡ്(13288), സുനില്‍ ഗവാസ്കര്‍(10122), വിവിഎസ് ലക്ഷ്മണ്‍(8718), വീരേന്ദര്‍ സെവാഗ്(8586) , സൗരവ് ഗാംഗുലി(7212) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്.

ടെസ്റ്റ് റണ്‍വേട്ടയില്‍ ക്രിസ് ഗെയ്ല്‍(7214), സ്റ്റീഫന്‍ ഫ്ലെമിംഗ്((7172) , ഗ്രെഗ് ചാപ്പല്‍(7110) എന്നിവരെയും മറികടക്കാന്‍ ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് അവസരമുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ജയിച്ചാല്‍ ടെസ്റ്റ് വിജയങ്ങളില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ക്കൊപ്പമെത്താനും കോലിക്കാവും.

കോലിക്ക് കീഴില്‍ 51 ടെസ്റ്റില്‍ 31 വിജയങ്ങളാണ് ഇന്ത്യ നേടിയത്. 91 മത്സരങ്ങളില്‍ 32 വിജയങ്ങളാണ് അലന്‍ ബോര്‍ഡറുടെ പേരിലുള്ളത്. 109 ടെസ്റ്റില്‍ 53 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് ഒന്നാം സ്ഥാനത്ത്. റിക്കി പോണ്ടിംഗ്(77 ടെസ്റ്റില്‍ 48 വിജയം), സ്റ്റീവ് വോ(57 ടെസ്റ്റില്‍ 41 വിജയം), ക്ലൈവ് ലോയ്ഡ്)74 ടെസ്റ്റില്‍ 36 ജയം) എന്നിവരാണ് വിജയങ്ങളില്‍ കോലിക്ക് മുന്നിലുള്ള മറ്റ് നായകന്‍മാര്‍.