Asianet News MalayalamAsianet News Malayalam

അശ്വിനും ബുമ്രയും തുടങ്ങി, ആദ്യ സെഷന്‍ ഇന്ത്യയുടെ കയ്യില്‍; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടം

ആദ്യ സെഷനിടെ രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാരെ കൂടാരം കയറ്റി ഇന്ത്യ. ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ നല്‍കിയത് അശ്വിന്‍. 

India vs England 1st Test Day 1 England lose two wickets
Author
Chennai, First Published Feb 5, 2021, 11:43 AM IST

ചെന്നൈ: ചെന്നൈ ടെസ്റ്റിന്‍റെ ആദ്യദിനത്തിലെ ആദ്യ സെഷന്‍ അവസാന 15 മിനുറ്റിനിടെ കൈക്കലാക്കി ടീം ഇന്ത്യ. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 27 ഓവറില്‍ 67 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 26 റണ്‍സുമായി ഓപ്പണര്‍ ഡൊമിനിക് സിബ്ലിയും നാല് റണ്‍സെടുത്ത് നായകന്‍ ജോ റൂട്ടുമാണ് ക്രീസില്‍. റോറി ബോണ്‍സിനെ അശ്വിനും ഡാനിയേല്‍ ലോറന്‍സിനെ ബുമ്രയും പുറത്താക്കി. 

ശ്രീലങ്കയ്‌ക്ക് എതിരായ അവസാന പരമ്പരയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇംഗ്ലണ്ട് കൊതിച്ച തുടക്കം റോറി ബേണ്‍സും ഡൊമിനിക് സിബ്ലിയും നല്‍കും എന്ന് തോന്നിച്ചതായിരുന്നു ചെപ്പോക്കിലെ ആദ്യ മണിക്കൂര്‍. ബുമ്ര, ഇശാന്ത്, അശ്വിന്‍ എന്നീ മൂവരും കാര്യമായ ആനുകൂല്യം ലഭിക്കാതെ വലഞ്ഞപ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഇംഗ്ലണ്ട് 20-ാം ഓവറില്‍ 50 കടന്നു. 

ബ്രേക്ക്‌ത്രൂ നല്‍കി അശ്വിന്‍

എന്നാല്‍ തൊട്ടുപിന്നാലെ 24-ാം ഓവറിലെ അഞ്ചാം പന്തില്‍ ബേണ്‍സിനെ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭിന്‍റെ കൈകളിലെത്തിച്ചു. 60 പന്തില്‍ രണ്ട് ബൗണ്ടറികള്‍ സഹിതം 33 റണ്‍സായിരുന്നു ബേണ്‍സിന് നേടാനായത്. ഇരുവരും 63 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയേല്‍ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസേ ഇന്ത്യ അനുവദിച്ചുള്ളൂ. ബുമ്രയുടെ ഒന്നാന്തമൊരു ഇന്‍ സ്വിങ്ങറില്‍ താരം എല്‍ബിയില്‍ പൂജ്യത്തില്‍ മടങ്ങി. ഇതോടെ ഇംഗ്ലണ്ട് 25.4 ഓവറില്‍ 63-2 എന്ന നിലയിലാവുകയായിരുന്നു. 

എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രണ്ട് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും ഒരു സ്‌പിന്‍ ഓള്‍റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും ഷഹ്‌ബാസ് നദീമുമാണ് സ്‌പിന്നര്‍മാര്‍. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറായി ഇടം നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായി ഇശാന്ത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും തിരിച്ചെത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയിലും മടങ്ങിയെത്തി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്. 

Follow Us:
Download App:
  • android
  • ios