Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കൂടാരം കയറി

ടോപ്ലിയുടെ പന്തില്‍ ധവാന്‍ രണ്ടാം സ്ലിപ്പില്‍ സ്റ്റോക്സിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

India vs England 2nd ODI Live Updates Team India lose one wicket
Author
Pune, First Published Mar 26, 2021, 2:16 PM IST

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് മോശം തുടക്കം. ഒന്‍പത് ഓവറിനിടെ ഓപ്പണര്‍മാരായ ശിഖര്‍ ധവാനെയും രോഹിത് ശര്‍മ്മയേയും ഇന്ത്യക്ക് നഷ്‌ടമായി. 10 ഓവര്‍ പിന്നിടുമ്പോള്‍ 41-2 എന്ന സ്‌കോറിലാണ് ടീം. നായകന്‍ വിരാട് കോലിക്കൊപ്പം(11*), കെ എല്‍ രാഹുലാണ്(0*) ക്രീസില്‍. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ നാലാം ഓവറില്‍ നഷ്‌ടമായിരുന്നു. റീസ് ടോപ്ലിയുടെ പന്തില്‍ ധവാന്‍ രണ്ടാം സ്ലിപ്പില്‍ സ്റ്റോക്സിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 17 പന്ത് നേരിട്ട ധവാന് നാല് റണ്‍സേ നേടാനായുള്ളൂ. തൊട്ടുപിന്നാലെ രോഹിത് ആക്രമണം തുടങ്ങിയെങ്കിലും ഇന്നിംഗ്‌സിന് ആയുസുണ്ടായില്ല. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സാം കറനെ ഫ്ലിക്ക് ചെയ്യാന്‍ ശ്രമിച്ച് ഹിറ്റ്‌മാന്‍ ഷോര്‍ട് ഫൈന്‍ ലെഗില്‍ ആദില്‍ റഷീദിന്‍റെ കൈകളിലെത്തി. 25 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. 

നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്തിന് ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഒരവസരം കൂടി ലഭിച്ചു. അതേസമയം നായകന്‍ ഓയിന്‍ മോര്‍ഗനില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിംഗ്‌സിന് പകരം ലയാം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡിന് പകരം റീസ് ടോപ്ലിയും കളിക്കുന്നു.

ഇന്ന് ജയിച്ചാൽ ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ കോലിപ്പട 66 റൺസിന് തകർത്തിരുന്നു. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി. 
 

Follow Us:
Download App:
  • android
  • ios