നാലാമനായി ക്രീസിലെത്തിയ വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുമ്പ് ബൗള്‍ഡാക്കി മൊയീന്‍ അലി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് ലൈന്‍ പിഴച്ചപ്പോള്‍ ടേണ്‍ ചെയ്ത പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ ബെയ്‌ല്‍സ് പിഴുതു.

ചെന്നൈ: രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇരുവരും ഇന്ത്യയെ കരകയറ്റിയപ്പോള്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സോടെ റിഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍.

Scroll to load tweet…

തകര്‍ന്നു തുടങ്ങി, പിന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ടോസ് ഭാഗ്യം കോലിക്കൊപ്പം നിന്നപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ബൗളിംഗ് തുടങ്ങിയത്. ആദ്യ ഓവര്‍ മെയ്‌ഡനായി. രണ്ടാം ഓവര്‍ എറിയാനെത്തിയത് ക്രിസ് വോക്‌സിനെ മറികടന്ന് ഇലവനില്‍ ഇടംപിടിച്ച ഓലി സ്റ്റോണ്‍. രണ്ട് ടെസ്റ്റുകളുടെ പരിചയസമ്പത്ത് മാത്രമാണ് താരത്തിനുള്ളത്. എന്നാല്‍ മൂന്നാം പന്തില്‍ ഗില്ലിനെ എല്‍ബിയില്‍ തളച്ചു സ്റ്റോണ്‍. മൂന്ന് പന്ത് നേരിട്ട ഗില്ലിന് അക്കൗണ്ട് തുറക്കാനായില്ല. ഇന്ത്യന്‍ ടീമും ഈ സമയം സ്‌കോര്‍ ബോര്‍ഡ് തുറന്നിരുന്നില്ല.

വന്‍മതില്‍ തകര്‍ത്ത് ലീച്ച്

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞു രോഹിത് ശര്‍മ്മ. 47 പന്തില്‍ നിന്ന് രോഹിത് 12-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറി തികച്ചു. ഇതിനിടെ 41ല്‍ നില്‍ക്കേ താരത്തെ ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്‌സ് വിട്ടുകളഞ്ഞിരുന്നു. 51ല്‍ നില്‍ക്കേ മൊയീന്‍ അലിയുടെ പന്തിലും രോഹിത് എഡ്‌ജില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ 21-ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റോക്‌സ് ഇതിന് പ്രായ്ശ്ചിത്വം ചെയ്തു. ലീച്ചിന്‍റെ പന്തില്‍ പൂജാരയെ(58 പന്തില്‍ 21) സ്റ്റോക്സ് സ്ലിപ്പില്‍ കൈയിലൊതുക്കി. 85 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ പൂജാരയും-രോഹിത്തും ചേര്‍ത്തത്.

കണ്ണുതള്ളി കോലി

നാലാമനായി ക്രീസിലെത്തിയ വിരാട് കോലിയെ അക്കൗണ്ട് തുറക്കും മുമ്പ് ബൗള്‍ഡാക്കി മൊയീന്‍ അലി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് ലൈന്‍ പിഴച്ചപ്പോള്‍ ടേണ്‍ ചെയ്ത പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ ബെയ്‌ല്‍സ് പിഴുതു. ഇതോടെ 86-3 എന്ന നിലയില്‍ ടീം ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലായി. ഒരു റണ്ണിനിടെയാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായത്. ഉച്ചഭക്ഷണത്തില്‍ പിരിയുമ്പോള്‍ 106-3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ രോഹിത്-രഹാനെ സഖ്യം ചായക്ക് പിരിയുമ്പോള്‍ 189/3 എന്ന നിലയില്‍ ടീമിനെ സുരക്ഷിതമാക്കി.

രക്ഷകരായി രോഹിത്-രഹാനെ

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നീക്കിയപ്പോള്‍ അജിങ്ക്യാ രരഹാനെ മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ പതുക്കെ കരകയറി. ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ച രോഹിത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോയപ്പോള്‍ രണ്ടാം സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായില്ല. ഇതിനിടെ അര്‍ധസെഞ്ചുറിയുമായി രഹാനെയും വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി.

Scroll to load tweet…

 സ്വീപ്പില്‍ തകര്‍ന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍

150 പിന്നിട്ട് മികച്ച ഫോമില്‍ കളിച്ച രോഹിത് ജാക് ലീച്ചിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ച് പുറത്തായത് വീണ്ടും ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 231 പന്തില്‍ 161 റണ്‍സെടുത്താണ് രോബഹിത് പുറത്തായത്. നാലാം വിക്കറ്റില്‍ രഹാനെക്കൊപ്പം 152 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി രോഹിത് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. രോഹിത് വീണതിന് പിന്നാലെ മോയിന്‍ അലിക്കെതിരെ മറ്റൊരു സ്വീപ് ഷോട്ടിന് ശ്രമിച്ച അജിങ്ക്യാ രഹാനെ(67) ബൗള്‍ഡായതോടെ വീണ്ടും ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.

രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് രോഹിത്തിനെയും രഹാനെയും നഷ്ടമായത്. റിഷഭ് പന്തിന് കൂട്ടായി എത്തിയ അശ്വിന്‍(13) 35 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ജോ റൂട്ടിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഓലി പോപ്പിന് ക്യാച്ച് നല്‍കി മടങ്ങി.ഇംഗ്ലണ്ടിനായി ജാക്ക് ലീച്ചും മോയിന് അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റൂട്ടും ഓലി സ്റ്റോണും ഓരോ വിക്കറ്റെടുത്തു.

മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത് ആദ്യ ടെസ്റ്റില്‍ ഏറെ വിമര്‍ശനം കേട്ട സ്‌പിന്നര്‍ ഷഹബാസ് നദീം പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് പകരക്കാരനായി സ്‌പിന്നര്‍ കുല്‍ദീപ് യാദവും ഇലവനിലെത്തി.

ഇംഗ്ലണ്ടിന് നാല് മാറ്റം

നാല് മാറ്റങ്ങളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ഡോം ബെസ്സ്, ജിമ്മി ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ജോസ് ബട്‍ലർ എന്നിവർക്ക് പകരം ബെൻ ഫോക്സ്, സ്റ്റുവർട്ട് ബ്രോഡ്, മോയീൻ അലി, ഓലി സ്റ്റോണ്‍ എന്നിവര്‍ ഇലവനിലെത്തി. ആർച്ചറിന് പരിക്ക് തിരിച്ചടിയായപ്പോൾ ആൻഡേഴ്സണ് റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിൽ 227 റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് ടീം

ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്റ്റോണ്‍.