Asianet News MalayalamAsianet News Malayalam

ഭുവിക്ക് മുന്നില്‍ മറുപടിയില്ല; ഇംഗ്ലണ്ടിന് കാലിടറി തുടക്കം, മുന്‍നിര തകര്‍ന്നു

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ജേസന്‍ റോയിയെയും ജോണി ബെയര്‍സ്റ്റോയെയും ഭുവി പുറത്താക്കി. 

India vs England 3rd ODI England lose early wickets
Author
Pune, First Published Mar 28, 2021, 6:42 PM IST

പുനെ: മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ടിന് മോശം തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 12 ഓവറില്‍ 76/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ജേസന്‍ റോയ്‌യെയും(14), ജോണി ബെയര്‍സ്റ്റോയെയും(1) ഭുവി പുറത്താക്കി. ബെന്‍ സ്റ്റോക്‌സാണ്(35) പുറത്തായ മറ്റൊരു താരം. നടരാജനാണ് വിക്കറ്റ്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍-ക്രുനാല്‍ പാണഡ്യ കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ വീണത് തിരിച്ചടിയായി. 

സ്വപ്‌ന തുടക്കം

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത്തും ധവാനും നന്നായി തുടങ്ങിയപ്പോള്‍ പവര്‍പ്ലേയില്‍ ടീം ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സിലെത്തി. അര്‍ധ സെഞ്ചുറി 44 പന്തില്‍ തികച്ച ധവാനായിരുന്നു അപകടകാരി. 15-ാം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഏകദിനത്തില്‍ രോഹിത്-ധവാന്‍ സഖ്യം 17-ാം തവണയാണ് സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പ് തികയ്‌ക്കുന്നത്. 

പിന്നെ കഥമാറി! റഷീദ് മാറ്റി

എന്നാല്‍ ഇതേ ഓവറില്‍ ആദില്‍ റഷീദിന്‍റെ ഗൂഗ്ലിയില്‍ ഹിറ്റ്‌മാന്‍ ബൗള്‍ഡായി. 37 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത് നേടിയത്. 17-ാം ഓവറില്‍ വീണ്ടും പന്തെറിയാന്‍ എത്തിയപ്പോഴും റഷീദ് ഇന്ത്യക്ക് ഭീഷണിയായി. ഫുള്‍ ലെങ്ത് പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ചിപ്പ് ചെയ്യാനുള്ള ധവാന്‍റെ ശ്രമം പാളുകയായിരുന്നു. റഷീദ് ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് സുരക്ഷിതമായി കൈക്കലാക്കി. ധവാന്‍ 56 പന്തില്‍ 67 റണ്‍സ് നേടി. 

തൊട്ടടുത്ത ഓവറില്‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേറ്റു. ഇത്തവണയും ഭീഷണിയായത് സ്‌പിന്‍ തന്നെ. മൊയീന്‍ അലിയെ ഓഫ് സൈഡിലൂടെ കട്ട് ചെയ്യാന്‍ ശ്രമിച്ച കോലിയുടെ ഇടത്തേ സ്റ്റംപ് ഇളകുകയായിരുന്നു. 10 പന്തില്‍ ഏഴ് റണ്‍സേ കോലിക്കുള്ളൂ. ഒരവസരത്തില്‍ 103/0 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഇതോടെ 121/3 എന്ന നിലയില്‍ പ്രതിരോധത്തിലായി. പിന്നീട് റിഷഭ്-രാഹുല്‍ സഖ്യത്തിലായി പ്രതീക്ഷകള്‍.   

നാലാമനായി ക്രീസിലെത്തിയ റിഷഭ് പന്ത് തുടക്കത്തിലെ കടന്നാക്രമിച്ച് ബൗളര്‍മാരുടെ വീര്യം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മറുവശത്ത് സാവധാനം തുടങ്ങിയ കെ എല്‍ രാഹുല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് തുലച്ചത് തിരിച്ചടിയായി. ലെഗ് സൈഡില്‍ വന്ന ലിവിംഗ്‌സ്റ്റണിന്‍റെ ലോ ഫുള്‍ടോസ് പന്ത് ഒറ്റകൈ കൊണ്ട് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച രാഹുല്‍(18 പന്തില്‍ 7) ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അലിയുടെ നല്ലൊരു ക്യാച്ചില്‍ മടങ്ങി. 

തിരിച്ചുപിടിച്ച് പാണ്ഡ്യ-പന്ത് 

വിക്കറ്റ് നഷ്‌ടത്തിന്‍റെ ആലസ്യമില്ലാതെ റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കത്തിക്കയറിയതോടെ ഇന്ത്യ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് ഇരുവരും ചേര്‍ത്തു. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കേ പന്തിനെ ലിവിംഗ്‌സ്റ്റണ്‍ വിട്ടുകളഞ്ഞു. 30 ഓവറില്‍ 200 പിന്നിട്ടതോടെ വമ്പന്‍ സ്‌കോറായി ലക്ഷ്യമെന്ന് വ്യക്തമായി. 44 പന്തില്‍ അമ്പത് തികച്ച് റിഷഭും 36 പന്തില്‍ ഫിഫ്റ്റിയുമായി ഹര്‍ദിക്കും മുന്നേറി. 

എന്നാല്‍ റിഷഭിന് 36-ാം ഓവറിലെ അവസാന പന്തില്‍ സാം കറന്‍ കെണിയൊരുക്കി. 62 പന്തില്‍ 78 റണ്‍സെടുത്ത് താരം വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ കൈകളില്‍. പരമ്പരയില്‍ ഒരിക്കല്‍ കൂടി ബ്രേക്ക്‌ത്രൂ ബൗളറായി മാറിയ സ്റ്റോക്‌സ് 39-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ദിക്കിനെ(44 പന്തില്‍ 64) ബൗള്‍ഡാക്കി. ഇതോടെ ടീം ഇന്ത്യ 276-6. ഇരുവരും നാല് വീതം സിക്‌സറുകളും അഞ്ച് വീതം ബൗണ്ടറികളും നേടി. 

ഒടുവില്‍ 350 കടക്കാതെ...

സ്റ്റോക്‌സിന്‍റെ പന്തില്‍ 43-ാം ഓവറില്‍ 11ല്‍ നില്‍ക്കേ ക്രുനാലിനെ റഷീദ് വിട്ടുകളഞ്ഞത് അനുഗ്രഹമായി. ഇതോടെ ഷാര്‍ദുല്‍ താക്കൂറും ക്രുനാല്‍ പാണ്ഡ്യയും 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. എന്നാല്‍ വുഡ് 46-ാം ഓവറില്‍ താക്കൂറിനെ(21 പന്തില്‍ 30) ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. ഇരുവരും ഏഴാം വിക്കറ്റില്‍ ചേര്‍ത്ത 45 റണ്‍സ് നിര്‍ണായകമായെങ്കിലും അവസാന നാല് വിക്കറ്റുകള്‍ ഒന്‍പത് റണ്‍സിനിടെ ഇന്ത്യ വലിച്ചെറിഞ്ഞു. 

48-ാം ഓവറിലെ രണ്ടാം പന്തില്‍ ക്രുനാലിനെ(34 പന്തില്‍ 25) വുഡ് മടക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ പ്രസിദ്ധ്(0) ബൗള്‍ഡായി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ടോപ്ലി, ഭുവിയെ(3) പറഞ്ഞയച്ചതോടെ ഇന്ത്യ ഓള്‍റൗട്ടാവുകയായിരുന്നു. 

ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഭുവി

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലെ അടിപതറി. ഭുവനേശ്വറിന്‍റെ ആദ്യ പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയാണ് റോയ് തുടങ്ങിയത്. അഞ്ചാം പന്തിലും ഫോര്‍ പിറന്നു. എന്നാല്‍ അവസാന പന്തില്‍ റോയിയെ ബൗള്‍ഡാക്കി ഭുവി തിരിച്ചടിച്ചു. ബാറ്റിനും പാഡിനും ഇടയിലെ വിടവിലൂടെ തുളച്ചുകയറിയ പന്ത് ഓഫ് സ്റ്റംപിന്‍റെ ബെയ്‌ല്‍സ് കവരുകയായിരുന്നു. ആറ് പന്തില്‍ 14 റണ്‍സാണ് റോയ് നേടിയത്. 

മൂന്നാം ഓവറില്‍ ഭുവി തിരിച്ചെത്തിയപ്പോളും ഇംഗ്ലണ്ട് വിറച്ചു. അവസാന പന്തില്‍ ഫ്ലിക്കിന് ശ്രമിച്ച ജോണി ബെയര്‍സ്റ്റോ എല്‍ബിയില്‍ കുടുങ്ങി. റിവ്യൂ ആവശ്യപ്പെട്ടെങ്കിലും ഫലം ബെയര്‍സ്റ്റോയ്‌ക്ക് പ്രതികൂലമായി. നാല് പന്തില്‍ ഒരു റണ്ണേ ബെയര്‍സ്റ്റോ നേടിയുള്ളൂ. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ഓര്‍മ്മിപ്പിക്കും എന്ന് തോന്നിച്ച ബെന്‍ സ്റ്റോക്‌സിനെ 11-ാം ഓവറില്‍ നടരാജന്‍ പറഞ്ഞയച്ചു. 39 പന്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കേ ധവാനായിരുന്നു ക്യാച്ച്. ഇതോടെ ഇംഗ്ലണ്ട് 68-3. 

Follow Us:
Download App:
  • android
  • ios