മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കരകയറുന്നു. തുടക്കത്തില്‍ 33-3ലേക്ക് വീണ ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 93 റണ്‍സെടുത്തിട്ടുണ്ട്. നാലാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിത്. 52 റണ്‍സോടെ രോഹിത്തും 24 റണ്‍സോടെ ജഡേജയും ക്രീസിലുണ്ട്.
ടോസിലെ ഭാഗ്യം മാത്രം
ടോസിലെ ഭാഗ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സടിച്ചെങ്കിലും നാലാം ഓവറില്‍ 10 പന്തില്‍ 10 റണ്‍സെടുത്ത യശസ്വിയെ സ്ലിപ്പില്‍ ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ച് മാര്‍ക്ക് വുഡ് ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ഊഴമായിരുന്നു അടുത്തത്. സ്കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒമ്പത് നേരിട്ടെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഗില്‍ മടങ്ങി. മാര്‍ക്ക് വുഡിന്‍റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്സിന്‍റെ കൈകളിലൊതുങ്ങി.
തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയാണ്. രജത് പാടീദാറിനെ കവറില്‍ ബെന്‍ ഡക്കറ്റിന്‍റെ കൈകളിലെത്തിച്ചാണ് ഹാര്‍ട്‌ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച പാടീദാര്‍ കവറില്‍ പിടികൊടുക്കുകയായിരുന്നു.
രോഹിത്തിന്‍റെയും ജഡേജയുടെയും രക്ഷാപ്രവര്‍ത്തനം
മൂന്ന് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യന്‍ സ്കോര്‍ 50ല്‍ നില്‍ക്കെയായിരുന്നു ഇത്. പിന്നാലെ ആന്‍ഡേഴ്സന്‍റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് എട്ട് ബൗണ്ടറികള്‍ അടിച്ചപ്പോള്‍ 44 പന്തില്‍ 24 റണ്‍സുമായി ക്രീസിലുള്ള ജഡേജ മൂന്ന് ബൗണ്ടറികള്‍ നേടി. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലുമാണ് ഇനി ഇന്ത്യയുടെ അംഗീകൃ ബാറ്റര്‍മാര്‍.
നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.
