Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിന്റെ ലക്ഷ്യം 272, തലയരിഞ്ഞ് പേസർമാർ,; ലോർഡ്സിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ

റോറി, ബേൺസ്(0), ഡൊമനിക് സിബ്ലി(0), ഹസീബ് ഹമീദ്(9) എന്നിവരുടെ വിക്കറ്റുകളാണ് ഇം​ഗ്ലണ്ടിന് നഷ്ടമായത്. ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കും ഇഷാന്ത് ശർമക്കുമാണ് വിക്കറ്റ്.

 

India vs England Day-5 Live Updates England loss early Wickets
Author
London Bridge, First Published Aug 16, 2021, 7:40 PM IST

ലോര്‍ഡ്‌സ്:ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിൽ പതറുകയാണ്. 21 റൺസോടെ ക്യാപ്റ്റൻ ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ജോണി ബെയർസ്റ്റോയും ക്രീസിൽ. റോറി, ബേൺസ്(0), ഡൊമനിക് സിബ്ലി(0), ഹസീബ് ഹമീദ്(9) എന്നിവരുടെ വിക്കറ്റുകളാണ് ഇം​ഗ്ലണ്ടിന് നഷ്ടമായത്. ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കും ഇഷാന്ത് ശർമക്കുമാണ് വിക്കറ്റ്.

ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ ഓപ്പണര്‍ റോറി ബേണ്‍സിനെ നഷ്ടമായ ഇംഗ്ലണ്ടിന് മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണറായ ഡൊമനിക് സിബ്ലിയെയും നഷ്ടമായി. സ്കോർ ബോർഡിൽ ഒരു റണ്ണെത്തുമ്പേഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ ഇം​ഗ്ലണ്ടിനെ ആദ്യ ഇന്നിം​ഗ്സിലേതുപോലെ ക്യാപ്റ്റൻ ജോ റൂട്ട് തകരാതെ പിടിച്ചു നിർത്തി. എന്നാൽ മറുവശത്ത് ഹസീബ് ​ഹമീദിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇം​ഗ്ലണ്ട് ഞെട്ടി.

വാലിൽ കുത്തി തല ഉയർത്തി ഇന്ത്യ

ആറിന് 181 എന്ന നിലയിൽ അവസാനദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 22 റൺസെടുത്ത ഇഷാന്ത് വീണതോടെ ഇന്ത്യൻ ലീഡ് 200 കടക്കില്ലെന്ന് ഉറപ്പിച്ച ഇം​ഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യം ഇഷാന്ത് ശര്‍മയും പിന്നീഷ് മുഹമ്മദ് ഷമിയും ജസ്പ്രീത്പ ബുമ്രയും നടത്തിയചെറുത്തുനിൽപ്പാണ് മാന്യമായ ലീഡ് സമ്മാനിച്ചത്.

ഇന്നലത്തെ വ്യക്തിഗത സ്‌കോറിനോട് എട്ട് റണ്‍സ് കൂട്ടിച്ചേര്‍ത്ത് പന്ത് (22) ആദ്യം മടങ്ങി. പിന്നാലെ ഇശാന്ത് (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രണ്ട് വിക്കറ്റുകളും റോബിന്‍സണിനായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന ഷമി- ബുമ്ര സഖ്യം ഇന്ത്യയുടെ ലീഡ് 250 കടത്തി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. മൊയീന്‍ അലിക്കെതിരെ സിക്‌സടിച്ചാണ് ഷമി അര്‍ധ സെഞ്ചുറി നേടിയത്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബുമ്രയുടെ അക്കൗണ്ടില്‍ രണ്ട് ബൌണ്ടറികളുണ്ട്.

ടോപ് ഓര്‍ഡറിന്റെ മടക്കം

നാലാം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. മികച്ച ഫോമിലുള്ള രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. ഫൈന്‍ ലെഗ് ബൗണ്ടറി ലൈനില്‍ മൊയീന്‍ അലിക്ക് ക്യാച്ച്. കോലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്‍ലര്‍ക്ക് ക്യാച്ച്.

വിലയേറിയ പ്രതിരോധം

പിന്നാലെ കടുത്ത പ്രതിരോധം തീര്‍ത്ത രഹാനെ- ചേതേശ്വര്‍ പൂജാര (45) സഖ്യമാണ് ഇന്ത്യയെ തകരാതെ പിടിച്ചുനിര്‍ത്തിയത്. പതുക്കെയാണെങ്കിലും ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 206 പന്തില്‍ നിന്നാണ് പൂജാര ഇത്രയും റണ്‍സെടുത്തത്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വുഡിന്റെ പന്തില്‍ ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രഹാനെയും ക്രീസ് വിട്ടു. മൊയീന്‍ അലിയുടെ പന്തില്‍ ബട്ലര്‍ക്ക് ക്യാച്ച്. വാലറ്റത്തെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്കും അലിയുടെ പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് റണ്‍സെടുത്ത താരം ബൗള്‍ഡായി.

റൂട്ട് നയിച്ചു

നേരത്തെ റൂട്ടിന്റെ സഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചിരുന്നത്. പുറത്താവാതെ 180 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. ജോണി ബെയര്‍സ്റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മയ്ക്ക് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുമുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ രാഹുലിനായിരുന്നു (129) ഹീറോ. രോഹിത് ശര്‍മ (83), കോലി (42), ജഡേജ (40) തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios