ചെന്നൈ: കര്‍ഷക സമരത്തെ പിന്തുണച്ചും കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ സെലിബ്രിറ്റികളെ എതിര്‍ത്തും ക്രിക്കറ്റ് താരങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെ കര്‍ഷക സമരത്തെക്കുറിച്ച് ഇന്ത്യയുടെ ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്തുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കര്‍ഷക സമരത്തെക്കുറിച്ചും ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്ത കാര്യം കോലി വ്യക്തമാക്കിയത്.

വിഷയത്തിൽ താരങ്ങൾ ഹ്രസ്വമായി സംസാരിച്ചുവെന്ന് പറഞ്ഞ കോലി എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ പറയാന്‍ തയാറായില്ല. ടീം മീറ്റിംഗില്‍ ഇതേക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അത്രയുമാണ് നടന്നത്-കോലി പറഞ്ഞു.

നേരത്തെ പോപ് താരം രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ സദോഹരി പുത്രി മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടെന്ന സച്ചിന്‍റെ ട്വീറ്റ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും അഭിപ്രായ വ്യത്യാസങ്ങളുടെ കാലത്ത് ഒരുമിച്ച് നില്‍ക്കണമെന്നും കര്‍ഷകര്‍ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും വ്യക്തമാക്കി ട്വീറ്റ് ചെയ്തിരുന്നു.