Asianet News MalayalamAsianet News Malayalam

റോയല്‍ രാഹുല്‍, മിന്നല്‍പ്പിണറായി റിഷഭ് പന്ത്; രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഇതിന് പിന്നാലെയെത്തിയ പന്ത് ആക്രമണം തുടങ്ങിയപ്പോള്‍ രാഹുല്‍ അനായാസം മൂന്നക്കം തികച്ചു. റിഷഭ് പന്ത് 28 പന്തില്‍ അര്‍ധ സെഞ്ചുറിയും രാഹുല്‍ 108 പന്തില്‍ അഞ്ചാം രാജ്യാന്തര സെഞ്ചുറിയും പൂര്‍ത്തിയാക്കി. പന്തിന്‍റെ മൂന്നാം ഏകദിന ഫിഫ്റ്റിയാണിത്.

 

India vs England India sets 337 runs target for England
Author
Pune, First Published Mar 26, 2021, 5:32 PM IST

പുനെ: സെഞ്ചുറിയുമായി കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികളുമായി റിഷഭ് പന്തും വിരാട് കോലിയും തകര്‍ത്താടിയപ്പോള്‍ ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. 108 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 40 പന്തില്‍ 77 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 79 പന്തില്‍ 66 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ടോം കറന്‍ രണ്ട് വിക്കറ്റെടുത്തു.

പാളിയ ഓപ്പണിംഗില്‍ വീണില്ല

India vs England India sets 337 runs target for England

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 37 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്‌ടമായി. നാലാം ഓവറില്‍ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തുവന്ന റീസ് ടോപ്ലിയുടെ സ്വിങ്ങില്‍ ബാറ്റുവെച്ച ധവാന്‍ രണ്ടാം സ്ലിപ്പില്‍ സ്റ്റോക്സിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 17 പന്ത് നേരിട്ട ധവാന് നാല് റണ്‍സേ നേടാനായുള്ളൂ. തൊട്ടുപിന്നാലെ രോഹിത് ആക്രമണം തുടങ്ങിയെങ്കിലും ഇന്നിംഗ്‌സിന് ആയുസുണ്ടായില്ല. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ സാം കറനെ ഫ്ലിക്ക് ചെയ്യാന്‍ ശ്രമിച്ച് ഹിറ്റ്‌മാന്‍ ഷോര്‍ട് ഫൈന്‍ ലെഗില്‍ ആദില്‍ റഷീദിന്‍റെ കൈകളിലെത്തി. 25 പന്തില്‍ അത്രതന്നെ റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം.

കോലി മിന്നി, പക്ഷേ മൂന്നക്കമില്ല

India vs England India sets 337 runs target for England

എന്നാല്‍ ശേഷം കോലി-രാഹുല്‍ സഖ്യം ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഇരുവരും 67 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 23 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. പിന്നാലെ കോലി 62 പന്തില്‍ ഏകദിന കരിയറിലെ 62-മത്തെയും രാഹുല്‍ 66 പന്തില്‍ പത്താമത്തെയും അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ഇവരുടെ മുന്നേറ്റം 32-ാം ഓവറില്‍ ആദില്‍ റഷീദ് പൊളിച്ചു. കോലി(79 പന്തില്‍ 66) കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറുടെ ക്യാച്ചില്‍ പുറത്തായി. വീണ്ടും ഒരിക്കല്‍ കൂടി മൂന്നക്കമില്ലാതെ കോലിക്ക് മടക്കം.

രാഹുല്‍ രാജകീയം, പന്ത് പന്താട്ടം

India vs England India sets 337 runs target for England

ഇതിന് പിന്നാലെയെത്തിയ പന്ത് ആക്രമണം തുടങ്ങിയപ്പോള്‍ രാഹുല്‍ അനായാസം മൂന്നക്കം തികച്ചു. റിഷഭ് പന്ത് 28 പന്തില്‍ അര്‍ധ സെഞ്ചുറിയും രാഹുല്‍ 108 പന്തില്‍ അഞ്ചാം രാജ്യാന്തര സെഞ്ചുറിയും പൂര്‍ത്തിയാക്കി. പന്തിന്‍റെ മൂന്നാം ഏകദിന ഫിഫ്റ്റിയാണിത്.

അവസാനം ആളിക്കത്തി പാണ്ഡ്യ ബ്രദേഴ്സ്

India vs England India sets 337 runs target for England

സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രാഹുലിനെ(114 പന്തില്‍ 108) മടക്കി ടോം കറന്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും റിഷഭ് പന്ത് അടി തുടര്‍ന്നു. ഒടുവില്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന പന്തിനെ ടോം കറന്‍ ജേസണ്‍ റോയിയുടെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 300 കടന്നിരുന്നു. രാഹുലും പന്തും പുറത്തായശേഷം പിന്നീട് പാണ്ഡ്യ ബ്രദേഴ്സ് ആക്രമണം ഏറ്റെടുത്തു. 16 പന്തില്‍ ഒരു ഫോറും നാലു സിക്സും പറത്തി 35 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ഒമ്ത് പന്തില്‍ 12 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ 336 റണ്‍സിലെത്തിച്ചു.

മാറ്റങ്ങളുമായി ഇരു ടീമുകളും

നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്തിന് ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഒരവസരം കൂടി ലഭിച്ചു. അതേസമയം നായകന്‍ ഓയിന്‍ മോര്‍ഗനില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇലവനില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിംഗ്‌സിന് പകരം ലയാം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡിന് പകരം റീസ് ടോപ്ലിയും കളിക്കുന്നു.

Follow Us:
Download App:
  • android
  • ios