അവസാന ബാറ്റ്സ്മാനായി സിറാജ് ക്രീസിലെത്തുമ്പോള്‍ അശ്വിന് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് 23 റണ്‍സസകലമുണ്ടായിരുന്നു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ അത് അശ്വിനേക്കാള്‍ ആഘോഷിച്ചത് സഹതാരമായിരുന്ന മുഹമ്മദ് സിറാജായിരുന്നു. സ്വന്തം സെഞ്ചുറിപോലെ ബാറ്റുയര്‍ത്തി മുഷ്ടിച്ചുരുട്ടി ആകാശത്തേക്ക് ഉയര്‍ന്നുചാടി നിറചിരിയോടെ അശ്വിന്‍റെ അടുത്തെത്തി സിറാജ് ആലിംഗനം ചെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരും സിറാജിന്‍റെ ആ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കൈയടിച്ചു.

അവസാന ബാറ്റ്സ്മാനായി സിറാജ് ക്രീസിലെത്തുമ്പോള്‍ അശ്വിന് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് 23 റണ്‍സസകലമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സിലേതുപോലെ മോശം ഷോട്ട് കളിച്ച് പുറത്താവാതെ അശ്വിന് പറ്റിയ പങ്കാളിയായി ക്രീസില്‍ നിന്ന സിറാജ് അശ്വിന്‍ സെഞ്ചുറിയിലെത്തുമ്പോള്‍ 11 പന്തുകള്‍ ഫലപ്രദമായി പ്രതിരോധിച്ച് ഒരു റണ്ണെടുത്തിരുന്നു.

Scroll to load tweet…

മോയിന്‍ അലിയെ സിക്സടിച്ച് 97ല്‍ എത്തിയ അശ്വിന്‍ അതേ ഓവറില്‍ ആദ്യം രണ്ട് റണ്‍സും പിന്നീട് ബൗണ്ടറിയും നേടിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അശ്വിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ തന്‍റെ ഷോട്ടുകള്‍ കളിച്ച സിറാജ് രണ്ട് തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി സാക്ഷാല്‍ കോലിയെപ്പോലും വിസ്മയിപ്പിക്കുകയും ചെയ്തു. അശ്വിനൊപ്പം 9.1 ഓവര്‍ ബാറ്റ് ചെയ്ത സിറാജ് 21 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.