ഷമി തിരിച്ചെത്തുമ്പോള്‍ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. പരിക്കുമൂലം ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമി കായികക്ഷമത തെളിയിച്ച് തിരിച്ചെത്തി. ഷമി ഇന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയ ഷമിക്ക് ചെറിയ പരിക്കുള്ളതിനാല്‍ നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി ബാറ്റിംഗിലും തിളങ്ങിയ ഷമി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.ഷമി തിരിച്ചെത്തുമ്പോള്‍ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. പരമ്പരയില്‍ ഇതുവരെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞത് ബുമ്രയാണ്. ഏഴ് ഇന്നിംഗ്സുകളിലായി 151 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. ശരാശരി ഒരു ഇന്നിംഗ്സില്‍ 21 ഓവര്‍ വീതം ബുമ്ര എറിഞ്ഞു.

ടി20 ലോകകപ്പും ഐപിഎല്ലും കണക്കിലെടുത്ത് ബുമ്രക്ക് അവസാന ടെസ്റ്റില്‍ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് അവസാന ദിവസം ബുമ്രയുടെ സ്പെല്ലായിരുന്നു. വെള്ളിയാഴ്ച മുതലാണ് മാഞ്ചസ്റ്ററില്‍ അവസാന ടെസ്റ്റ് തുടങ്ങുക. പരമ്പരയിലെ ആദ്യ നാലു ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona