ആരാധകർ കൊതിക്കുന്ന വാർത്തയല്ല ഡബ്ലിനില്‍ നിന്ന് വരുന്നത്. ഇന്നത്തെ മത്സരത്തില്‍ മഴ പെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്.
ഡബ്ലിന്‍: അയർലന്‍ഡിനെതിരായ ടി20 പരമ്പര(IRE vs IND T20Is) സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ മഴ പെയ്യുമോ എന്ന പേടിയാണ് ആരാധകർക്ക്. ആദ്യ ടി20 നടന്നെങ്കിലും മഴകാരണം വൈകിയായിരുന്നു ആരംഭിച്ചിരുന്നത്. മത്സരം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. സമാനമായി ഇന്ന് രണ്ടാം ടി20യിലും(India vs Ireland 2nd T20) മഴയുടെ കളിയുണ്ടാകുമോ ഡബ്ലിനില്‍ എന്ന് പരിശോധിക്കാം.
ആരാധകർ കൊതിക്കുന്ന വാർത്തയല്ല ഡബ്ലിനില്‍ നിന്ന് വരുന്നത്. ഇന്നത്തെ മത്സരത്തില്‍ മഴ പെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്. മഴയ്ക്ക് 77-83 ശതമാനം സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. നിശ്ചിത ഇടവേളകളില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. അതിനാല്‍ 40 ഓവർ മത്സരം നടക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. 11 ഡിഗ്രിക്കും 19നും ഇടയിലാവും ഡബ്ലിനിലെ താപനില.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിലെ ആധികാരിക വിജയം ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും ആത്മവിശ്വാസം നല്‍കും. റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിനാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയുണ്ട്. റുതുരാജ് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്തും.
ത്രിപാഠിക്ക് അരങ്ങേറ്റം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു വീണ്ടും പുറത്തിരിക്കും. ആദ്യ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഉമ്രാന്‍ മാലിക്കിന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കപ്പുറം അയര്‍ലന്‍ഡ് ഇന്നും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയേക്കില്ല. പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് വേട്ട ഇന്ത്യക്ക് കരുത്താവും. ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മഴകാരണം 12 ഓവറാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 108 റണ്‍സെടുത്തു. എന്നാല്‍ 16 പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി.
അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
IRE vs IND : മലയാളിപ്പട പൊതിഞ്ഞു, അയർലന്‍ഡില്‍ താരമായി സഞ്ജു സാംസണ്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍
