ആദ്യ ട്വന്‍റി 20 പോലെ മൂന്നാം മത്സരത്തെയും മഴ സാരമായി ബാധിച്ചേക്കാം എന്നാണ് കാലാവസ്ഥാ പ്രവചനം
ഡബ്ലിന്‍: അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20 തുടങ്ങുക. ആദ്യ ട്വന്‍റി 20 മഴനിയമം പ്രകാരം 2 റണ്‍സിനും രണ്ടാമത്തേത് 33 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആകാശത്ത് ആശങ്കയുടെ മഴമേഘങ്ങള്‍ ചുരുണ്ടുകൂടുന്നുണ്ട്. 3-0ന് പരമ്പര സ്വന്തമാക്കി മടങ്ങാന്‍ ടീം ഇന്ത്യയും നാണക്കേട് ഒഴിവാക്കാന്‍ അയർലന്‍ഡും കച്ചകെട്ടുമ്പോള്‍ ഡബ്ലിനില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനം ടീമുകളെ ആശങ്കപ്പെടുത്തുന്നതാണ്.
ആദ്യ ട്വന്‍റി 20 പോലെ മൂന്നാം മത്സരത്തെയും മഴ സാരമായി ബാധിച്ചേക്കാം. മഴ തടസപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ദി വില്ലേജില്‍ ടോസ് നിർണായകമാകും. 12നും 19 ഡിഗ്രിക്കും ഇടയിലാവും ഇവിടുത്തെ താപനില. മത്സര സമയത്ത് മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടവിട്ടുള്ള മഴ മത്സരം താറുമാറാക്കിയേക്കും. മികച്ച ബാറ്റിംഗ് ട്രാക്ക് എന്ന വിശേഷണമുള്ള ദി വില്ലേജ് അടുത്തിടെ ബൗളർമാരെയും പിന്തുണയ്ക്കുന്നുണ്ട്. മഴമേഘങ്ങള്‍ ബൗളർമാർക്ക് അനുകൂലമാകും. ചേസിംഗ് ടീമാണ് ഇവിടെ കൂടുതല്‍ രാജ്യാന്തര ട്വന്‍റി 20കള്‍ വിജയിച്ചത് എങ്കിലും ഇന്നത്തെ മഴ സാധ്യത സ്കോർ പിന്തുടരുന്ന ടീമിന് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കുമെന്നാണ് കരുതുന്നത്. മലയാളി താരം സഞ്ജു സാംസണ് ഏറെ നിർണായകമാണ് ഈ മത്സരം. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി പോയെങ്കിലും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഒരിക്കല്‍ കൂടി മികവ് തെളിയിക്കാാന്‍ മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്ന്. ഇന്ന് മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുത്താല്‍ ലോകകപ്പ് ടീമിലെങ്കിലും സഞ്ജുവിന് പ്രതീക്ഷ വെക്കാം. പ്രത്യേകിച്ച്, ഏഷ്യാ കപ്പ് സ്ക്വാഡിലുള്ള കെ എല്‍ രാഹുലിന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍.
