റീഫണ്ട് പോളിസി പ്രകാരം ടിക്കറ്റ് ചാർജിന്‍റെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചതിന്‍റെ നിരാശയില്‍ ആരാധകര്‍. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കു നല്‍കുകയും ചെയ്തെങ്കിലും വൈകാതെ വീണ്ടും മഴ എത്തി.
ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. റീഫണ്ട് പോളിസി പ്രകാരം ടിക്കറ്റ് ചാർജിന്‍റെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹമത്സരങ്ങളെങ്കിലും കണ്ട് തീര്‍ക്കാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് മഴയില്‍ ഒലിച്ചു പോയത്. കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ-നെതര്‍ലന്‍ഡസ് മത്സരം 23 ഓവറാക്കി ചുരുക്കി നടത്തിയെങ്കിലും ഓസീസ് ഇന്നിംഗ്സിനുശേഷം നെതര്‍ലന്‍ഡ്സ് ബാറ്റിംഗിനിടെ വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു.
റീഫണ്ട് എങ്ങനെ നേടാം
ബുക്ക് മൈ ഷോ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പൂർണ്ണമായ റീഫണ്ട് ലഭിക്കും. അത് 7-10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഓൺലൈൻ പേയ്‌മെന്‍റ് ചെയ്ത അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മത്സരത്തിന് ഓഫ്‌ലൈനായി ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കൾക്ക് റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് അവരുടെ ഫിസിക്കൽ ടിക്കറ്റ് കേടുപാടു കൂടാതെ ബോക്‌സ് ഓഫീസിൽ കാണിക്കേണ്ടതുണ്ട്. റീഫണ്ടിനുള്ള ടിക്കറ്റ് കൗണ്ടറുകൾ നാളെ രാവിലെ 11 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കുമെന്നും കെസിഎ വ്യക്തമാക്കി.
