ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തത വരുത്തി.

ഓക്‌ലന്‍ഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദിയാവുന്നത്. ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരം സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗിൽ സോണി ലിവിലും തത്സമയം കാണാനാകും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. തുടർന്ന് ഈ മാസം നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ഗില്ലിന് വിശ്രമം അനുവദിക്കും. അവസാന രണ്ട് ഏകദിനങ്ങളിൽ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക.

ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറിനെക്കുറിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തത വരുത്തിയിരുന്നു. ബാറ്റിംഗ് നിരയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ താനും രോഹിത് ശർമ്മയും വിരാട് കോലിയും ശ്രേയസ് അയ്യരും തന്നെയായിരിക്കും കളിക്കുകയെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഗിൽ സ്ഥിരീകരിച്ചു. എന്നാൽ മത്സരത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് 5, 6 സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും ഗില്‍ പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ നാല് ബാറ്റിങ് സ്ഥാനങ്ങൾ നിശ്ചയിക്കപ്പെട്ടതാണ്. എല്ലാവരും വലതുകൈയ്യൻ ബാറ്റർമാരുമാണ്. അതിനാൽ ഒരു ഇടങ്കയ്യൻ ബാറ്ററുടെ ആവശ്യകത വരുമ്പോൾ അക്സർ പട്ടേൽ ക്രീസിലെത്തും. മത്സരത്തിന്‍റെ സാഹചര്യം അനുസരിച്ച് കെ.എൽ രാഹുലിനും അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ അവസരം നൽകും. അതുകൊണ്ട് 5, 6 സ്ഥാനങ്ങളിൽ ഫ്ലെക്സിബിളായ രീതിയായിരിക്കും സ്വീകരിക്കുകയെന്നും ഗിൽ വ്യക്തമാക്കി. മുമ്പ് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയ കഴുത്തിലെ വേദന പൂർണ്ണമായും മാറിയതായും ഗിൽ പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്നും ഗില്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം ബാറ്റിങ് പരിശീലനവും ഫീൽഡിങ് സെഷനുകളും തടസങ്ങളില്ലാതെ പൂർത്തിയാക്കിയതായും ഗില്‍ കൂട്ടിച്ചേർത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ന്യൂസിലൻഡിലെ മുൻകാല പ്രടകനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും തിരിച്ചുവരവിനായുള്ള കഠിന പരിശീലനത്തിലാണ് ഗില്‍. മികച്ച പരിശീലനം ഉറപ്പാക്കുന്നതിനായി സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ കൊണ്ടുപോയാണ് ഗിൽ പരിശീലനം നടത്തിയത്. ടി20 പരമ്പരയ്ക്കിടെ തന്നെ ഓക്‌ലൻഡിലെത്തിയ ഗില്‍ വരാനിരിക്കുന്ന തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക