ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. രചിന്‍ രവീന്ദ്രക്ക് സെ‍ഞ്ചുറി.

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി രചിന്‍ രവീന്ദ്രയും ടിം സൗത്തിയും. മൂന്നാം ദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റുകള്‍ പിഴുത് ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനായെങ്കിലും വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസില്‍ നിലയുറപ്പിച്ച രചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ച ടിം സൗത്തിയും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ സുരക്ഷിത സ്കോറിലെത്തിച്ചു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന നിലയിലാണ്. 125 പന്തില്‍ 104 റണ്‍സോടെ രചിന്‍ രവീന്ദ്രയും 50 പന്തില്‍ 49 റണ്‍സുമായി ടിം സൗത്തിയും ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിന് ഇപ്പോള്‍ 299 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

180-3 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലന്‍ഡിന് തുടക്കത്തിലെ ഡാരില്‍ മിച്ചലിനെ നഷ്ടമായി. സിറാജിന്‍റെ പന്തില്‍ മിച്ചലിനെ(18) ഗള്ളിയില്‍ യശസ്വി ജയ്സ്വാള്‍ കൈയിലൊതുക്കി. ടോം ബ്ലണ്ടലിനെ(5) ജസ്പ്രീത് ബുമ്രയും പിന്നാലെ മടക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഗ്ലെന്‍ ഫിലിപ്സ് (14) തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ജഡേജയുടെ പന്തില്‍ അടിതെറ്റി വീണു. മാറ്റ് ഹെന്‍റിയെ(8) കൂടി ജഡേജ മടക്കിയതോടെ 233-7ലേക്ക് വീണ ന്യൂസിലന്‍ഡ് എളുപ്പം പുറത്താവുമെന്ന് കരുതിയെങ്കിലും പിന്നീട് തകര്‍ത്തടിച്ച രചിന്‍ രവീന്ദ്രയും ടിം സൗത്തിയും ഇന്ത്യയുടെ പ്രതീക്ഷ കെടുത്തി.

Scroll to load tweet…

പിന്നീടുള്ള 16 ഓവറില്‍ 112 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. ലഞ്ചിന് തൊട്ടു മുമ്പുള്ള അവസാന നാലോവറില്‍ 58 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. അശ്വിനെ ബൗണ്ടറി കടത്തിയ രചിന്‍ രവീന്ദ്ര മൂന്നാം ടെസ്റ്റ് സെഞ്ചുറി കുറിച്ചപ്പോള്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയ സൗത്തി അര്‍ധസെഞ്ചുറിക്ക് അരികിലെത്തി. അശ്വിന്‍റെ ഓവറില്‍ 20 റണ്‍സാണ് സൗത്തിയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് നേടിയത്. ഇന്ത്യക്കായി ജഡേജ മൂന്ന് വിക്കറ്റെടുത്തു. ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 46 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക