ഓക്‌ലന്‍ഡ്: ശിവം ദുബേയെ ഉയർത്തിയടിക്കുമ്പോള്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല അതിര്‍ത്തിയില്‍ രോഹിത് ശര്‍മ്മ സാഹസികനാവുമെന്ന്. ഓക്‌ലന്‍ഡ് ടി20യില്‍ രോഹിത് ശര്‍മ്മ എടുത്ത ക്യാച്ചിന് അത്രത്തോളം അവിശ്വസനീയ ഉണ്ടായിരുന്നു. 

കോളിന്‍ മണ്‍റോയ്‌ക്കൊപ്പം തുടക്കംമുതലെ അടിച്ചുതകര്‍ത്ത് മുന്നേറുകയായിരുന്നു ഗപ്‌ടില്‍. എന്നാല്‍ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ശിവം ദുബേ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നല്‍കി. 19 പന്തില്‍ 30 റണ്‍സെടുത്ത് ബാറ്റ് വീശുകയായിരുന്ന ഗപ്‌ടിലിനെ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. അതും രോഹിത്തിന്‍റെ ഫീല്‍ഡിംഗ് മികവും ഫിറ്റ്‌നസും വ്യക്തമാക്കിയ ബൗണ്ടറിലൈന്‍ ക്യാച്ച്. ബൗണ്ടറിലൈനില്‍ തൊട്ടു തൊട്ടില്ല എന്ന കണക്കാണ് രോഹിത് പന്ത് പിടികൂടിയത്. 

ഗപ്‌ടിലടങ്ങുന്ന മുന്‍നിര ബാറ്റ്സ്‌മാന്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോര്‍ നേടി. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി കോളിന്‍ മണ്‍റോയും(59), കെയ്‌ന്‍ വില്യംസണും(51) റോസ് ടെയ്‌ലറും(54) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ജസ്‌പ്രീത് ബുമ്ര, ശാര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, ശിവം ദുബേ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

Read more: ഓക്‌ലന്‍ഡില്‍ ആളിക്കത്തി കിവീസ്; മൂന്ന് ഫിഫ്റ്റി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം