Asianet News MalayalamAsianet News Malayalam

ജീവന്‍മരണ പോരാട്ടങ്ങളില്‍ എക്കാലവും കണ്ണിലെ കരട്; സെമിയില്‍ കിവീസിനെതിരെ ഇന്ത്യക്ക് ജയം എളുപ്പമാകില്ല

2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ എറിഞ്ഞിട്ടത് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഒരു ഡയറക്ട് ഹിറ്റായിരുന്നു. സെമിയില്‍ ജയത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ധോണിയെ രണ്ടാം റണ്ണിനായി ഓടുമ്പോള്‍ റണ്ണൗട്ടാക്കിയ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഡയറക്ട് ഹിറ്റ്.

India vs New Zealand head-to-head record in ICC events
Author
First Published Nov 13, 2023, 11:35 AM IST

മുംബൈ: ലോകകപ്പില്‍ മറ്റന്നാള്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തില്‍ കിവീസിനെതിരെ ജയം ഇന്ത്യക്ക് എളുപ്പമാകില്ലെന്നാണ് കണക്കുകളും ചരിത്രവും പറയുന്നത്. 1975 മുതല്‍ ഇതുവരെയുള്ള ലോകകപ്പുകളില്‍ 10 തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് ജയവുമായി കിവീസ് മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍ ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് നാലു കളികളിലാണ്. സമീപകാലത്ത് ഐസിസി ടൂര്‍ണമെന്‍റുകളില്‍ കിവീസ് ഉയര്‍ത്തുന്ന വെല്ലുവിളി ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ എറിഞ്ഞിട്ടത് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഒരു ഡയറക്ട് ഹിറ്റായിരുന്നു. സെമിയില്‍ ജയത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ധോണിയെ രണ്ടാം റണ്ണിനായി ഓടുമ്പോള്‍ റണ്ണൗട്ടാക്കിയ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഡയറക്ട് ഹിറ്റ്. അതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ മാത്രമല്ല, ന്യൂസിലന്‍ഡ് ഇന്ത്യക്ക് ബാലികേറാമലയായിട്ടുള്ളത്.

ലോകകപ്പിലെ ഫ്ലോപ്പ് ഇലവന്‍, ഓപ്പണറായി ബാവുമ, നായകനായി ബട്‌ലര്‍, ഒരു ഇന്ത്യന്‍ താരവും ടീമില്‍

2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം കിവീസിനെതിരെ ഒരു ജയം നേടാന്‍ ഇന്ത്യക്ക് 2023വരെ കാത്തിരിക്കേണ്ടിവന്നു. 2003നുശേഷം നടന്ന മൂന്ന് ലോകകപ്പുകളലില്‍(2007, 2011, 2015) ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടമുണ്ടായിരുന്നില്ല. 2003നുശേഷം 2019ലെ ഏകദിന ലോകകപ്പിലാണ് പിന്നീട് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്നാണ് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ധോണിയുടെ റണ്ണൗട്ടില്‍ ഇന്ത്യ തോറ്റത്.

എന്നാല്‍ 2007ല്‍ തുടങ്ങിയ ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം ഇന്ത്യ നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത് ന്യൂസിലന്‍ഡിനോട് മാത്രമായിരുന്നു. പിന്നീട് 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കിവീസ് ഇന്ത്യയെ തോല്‍പ്പിച്ച് ഞെട്ടിച്ചു. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യത അടച്ചതും കിവീസിനെതിരായ തോല്‍വിയായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല.

ഒമ്പത് തുടര്‍ ജയങ്ങള്‍, എന്നിട്ടും മൈറ്റി ഓസീസിനെ തൊടണമെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടണം

ഏകദിനത്തിനും ടി20ക്കും പുറമെ 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നില്‍ മുട്ടുകുത്തി. ചാമ്പ്യന്‍സ് ട്രോഫിയിലും കിവീസ് ഇന്ത്യക്ക് മുന്നില്‍ വഴിമുടക്കിയിട്ടുണ്ട്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ടില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ നോക്കൗട്ടില്‍ കിവീസിനോട് തോറ്റ് പുറത്തായിരുന്നു.  ഇതിനിടെ ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ പലവട്ടം കിവീസിനെ മലര്‍ത്തയടിച്ചിട്ടുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ രോഹിത് ബ്രേക്ക് ചെയ്തെങ്കിലും നോക്കൗട്ടിലും അതാവര്‍ത്തിക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios