Asianet News MalayalamAsianet News Malayalam

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്കും വീണു.

 

India vs New Zealand Live Updates India beat New Zealand tops the table gkc
Author
First Published Oct 22, 2023, 10:13 PM IST

ധരംശാല: ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ കണ്ണിലെ കരടായിരുന്ന ന്യൂസിലന്‍ഡിനെ കിംഗ് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ലോകകപ്പില്‍ സെമി ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി 48-ാം ഓവറില്‍ വിജയ സിക്സര്‍ നേടാനുളള ശ്രമത്തില്‍ പുറത്തായത് നിരാശയായി. സെഞ്ചുറി തികച്ചിരുന്നെങ്കില്‍ കോലിക്ക് ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു.

കോലിക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിജയത്തിലേക്ക് 82 റണ്‍സ് വേണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ(39*) കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു മടങ്ങി. ഷമിയെ കൂട്ടുപിടിച്ച് ജഡേജ വിജയം പൂര്‍ത്തിയാക്കി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്, ഇന്ത്യ 48 ഓവറില്‍ 274-6.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ജയത്തോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടം നിലനിര്‍ത്തിയ ഇന്ത്യ അഞ്ച് കളികളില്‍ 10 പോയന്‍റുമായി സെമി ബര്‍ത്ത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്കും വീണു.

ഹാഷിം അംലയും ബാബർ അസമുമെല്ലാം പിന്നിലായി, കോലിയൊന്നും ചിത്രത്തിലേ ഇല്ല; റൺവേട്ടയിൽ റെക്കോർഡിട്ട് ശുഭ്മാൻ ഗിൽ

കിവീസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി തുടക്കത്തിലെ സൂപ്പര്‍ ഹിറ്റ് ഷോയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ചു. മാറ്റ് ഹെന്‍റിയെയും ട്രെന്‍റ് ബോള്‍ട്ടിനെയും ലോക്കി ഫെര്‍ഗ്യൂസനെയുമെല്ലാം ബൗണ്ടറി കടത്തിയ രോഹിത് ഗില്ലിനൊപ്പം ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റന്‍ അടിച്ചു തകര്‍ത്തപ്പോള്‍ പതുക്കെ തുടങ്ങിയ ഗില്ലും ഒപ്പം കൂടി. എന്നാല്‍ നാലു സിക്സും നാലു ഫോറും പറത്തി 40 പന്തില്‍ 46 റണ്‍സെടുത്ത രോഹിത് ലോക്കി ഫെര്‍ഗ്യൂസന്‍റെ ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്ത് അടിച്ച് വിക്കറ്റിലിട്ട് പുറത്തായി. പിന്നാലെ ഗില്ലും(26) ഫെര്‍ഗ്യൂസന് മുന്നില്‍ വീണു. ഇതോടെ ഇന്ത്യ അപകടം മണത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാല്‍ ക്രീസിലെത്തിയപാടി തകര്‍ത്തടിച്ച ശ്രേയസ് അയ്യര്‍ സമ്മര്‍ദ്ദം ഒഴിവാക്കി. ഇടക്ക് കനത്ത മൂടല്‍മഞ്ഞുമൂലം മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോഴും ശ്രേയസ് അടി തുടര്‍ന്നു.ശ്രേയസിനെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയ ട്രെന്‍റ് ബോള്‍ട്ട് വിജയിച്ചു. 29 പന്തില്‍ 33 റണ്‍സെടുത്ത ശ്രേയസിനെ ബോള്‍ട്ടിന്‍റെ ഷോര്‍ട്ട് ബോളില്‍ ഡെവോണ്‍ കോണ്‍വെ പറന്നു പിടിച്ചു. നേരത്തെ കോണ്‍വെയെ ശ്രേയസ് സമാനമായ രീതിയില്‍ പറന്നു പിടിച്ചിരുന്നു.

48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർക്കുമില്ലാത്ത ചരിത്ര നേട്ടം സ്വന്തമാക്കി മുഹമ്മദ് ഷമി

പിന്നീടെത്തിയ രാഹുലും കോലിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. 35 പന്തില്‍ 27 റണ്‍സെടുത്ത രാഹുലിനെ സാന്‍റ്നര്‍ മടക്കിയശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗാട്ടയതോടെ കിവീസ് വിജയം മണത്തു. എന്നാല്‍ പിന്നീടെത്തിയ രവീന്ദ്ര ജഡേജ കോലിക്കൊപ്പം ഉറച്ചുനിന്നതോടെ ഇന്ത്യ വിജയം അടിച്ചെടുത്തു. 95 റണ്‍സില്‍ നില്‍ക്കെ വിജയ സിക്സര്‍ നേടാനുള്ള ശ്രമത്തില്‍ കോലി പുറത്തായത് ആരാധകര്‍ക്ക് നിരാശയായി.

കൈവിട്ടു കളിച്ച ഇന്ത്യയെ ഡാരില്‍ മിച്ചലും രചിന്‍ രവീന്ദ്രയും ചേര്‍ന്നാണ് ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ 19-2ലേക്ക് തകര്‍ന്നു വീണ ന്യൂസിലന്‍ഡിനെ അര്‍ധ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയും സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സടിച്ചാണ് മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്. 12 റണ്‍സെടുത്തു നില്‍ക്കെ രചിന്‍ രവീന്ദ്രയെ രവീന്ദ്ര ജഡേജയും 59ലും 69ലും നില്‍ക്കെ  ഡാരില്‍ മിച്ചലിനെയും ഇന്ത്യ കൈവിട്ടിരുന്നു. രചീന്‍ രവീന്ദ്ര 87 പന്തില്‍ 75 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ 127 പന്തില്‍ 130 റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios