മുംബൈ: പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സ‍്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഓസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് വീണ് തോളിന് പരിക്കേറ്റത്. എംആര്‍ഐ സ്കാനിംഗില്‍ ധവാന് ഗ്രേഡ് -2 പരിക്കാണെന്ന് സ്ഥിരീകരിച്ചു.

ഫെബ്രുവരി ആദ്യവാരം മുതല്‍ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവു. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ തിരികെ വിളിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സ്ഥിരീകരിച്ചു. ഏകദിന ടീമില്‍ ധവാന്റെ പകരക്കാരനായി പൃഥ്വി ഷായെ തെരഞ്ഞെടുത്തു.

ALSO READ ഒടുവില്‍ ധോണിയുടെ പിന്‍ഗാമിയെ ഇന്ത്യ കണ്ടെത്തിയെന്ന് അക്തര്‍; അത് ഋഷഭ് പന്തല്ല

ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെനനാണ് മലയാളികളുടെ പ്രതീക്ഷ.