ഹാമില്‍ട്ടണ്‍: ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെ എഴുതിത്തള്ളിയവരുണ്ട്. നിര്‍ണായക സമയത്ത് മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്ന റോസ് ടെയ്‌ലറെ പഴിച്ചവരും ഏറെയാണ്. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ച റോസ് ടെ‌യ്‌ലര്‍ക്ക് കൈയടിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം. നാലാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി(19) നേടിയിട്ടുള്ള താരം കൂടിയാണ് ടെയ്‌ലര്‍.

റോസ് ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലെ എന്ന ചോദ്യത്തോടെയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ് ടെയ്‌ലറെ അഭിനന്ദിച്ചത്.  റോസ് ആരാണെന്ന് ഇപ്പോള്‍ മനസിലായില്ലെ, റോസ് ആണ് ബോസ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 100 ടെസ്റ്റും 100 ഏകദിനവും 100 ടി20യും കളിക്കുന്ന  ആദ്യ കളിക്കാരനാവും റോസ് ടെയ്‌ലറെന്നും 348 റണ്‍സ് പിന്തുടരുമ്പോള്‍ അസാമാന്യ പ്രകടനമാണ് ടെയ്‌ലര്‍ പുറത്തെടുത്തെന്നും സെവാഗ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏകദിനത്തില്‍ കുറഞ്ഞത് 1000 രണ്‍സ് നേടിയവരില്‍ റോസ് ടെയ്‌ലറുടെ ബാറ്റിംഗ് ശരാശരിക്ക്(61.56) മുന്നില്‍ സാക്ഷാല്‍ വിരാട് കോലി(72.87) മാത്രമെ മുന്നിലുള്ളു എന്നും ക്രിക്കറ്റ് ലോകം ചൂണ്ടിക്കാട്ടുന്നു.

വിജയകുപ്പായം തുന്നാന്‍ പഠിക്കണമെങ്കില്‍ ടെയ്‌ലറെ കണ്ട് പഠിക്കണമെന്ന് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. ടെയ്‌ലറുടെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ലോകം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് ഇങ്ങനെ.