വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവണമെന്ന നിര്‍ണായക നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരുമായി കളിക്കാനിറങ്ങണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

ആറ് ബാറ്റ്സ്മാന്‍മാരും വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും അടങ്ങുന്നതാകണം ഇന്ത്യയുടെ അന്തിമ ഇലവനെന്ന് ലക്ഷ്മണ്‍ പറഞ്ഞു. പരീശിലന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഹനുമാ വിഹാരിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. നാട്ടിലെ സാഹചര്യങ്ങളില്‍ അഞ്ച് ബൗളര്‍മാരുമായി കളിക്കുമ്പോള്‍ വിഹാരിയെ പുറത്തിരുത്തേണ്ടിവരുന്നത് സ്വാഭാവികമാണ്.

ടെസ്റ്റില്‍ വലയി സ്കോര്‍ നേടണമെങ്കില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരില്‍ ഒരാളും മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ബാറ്റ്സ്മാനും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. ആദ്യ ടെസ്റ്റിന് ഇഷാന്ത് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കില്‍ ഉമേഷ് യാദവിന് അവസരം നല്‍കണം. ഇന്ത്യയിലെ പിച്ചുകളില്‍ പോലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഉമേഷിന് പേസിനെ തുണക്കുന്ന പിച്ചില്‍ മികവ് കാട്ടാനാകുമെന്നും ലക്ഷ്മണ്‍ പറ‍ഞ്ഞു.