ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ടീം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം വിശ്രമത്തിലായിരുന്ന പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റ് പാസായതാണ് ഇന്ത്യക്ക് ആശ്വാസമായത്. ശാരീരികക്ഷമതാ പരിശോധനയില്‍ വിജയിച്ച ഇഷാന്ത് ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി വൈകാതെ ന്യൂസിസലന്‍ഡിലേക്ക് പോകും. 21നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

വിദര്‍ഭക്കെതിരെ ഡല്‍ഹിക്കായി രഞ്ജി മത്സരത്തില്‍ കളിക്കുന്നതിനിടെയാണ് ഇഷാന്തിന്റെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഷാന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇഷാന്തിന് നഷ്ടമാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ടെസ്റ്റ് ടീമില്‍ ഇഷാന്തിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

പരിക്കുമൂലം രോഹിത് ശര്‍മയെയും ഭുവനേശ്വര്‍കുമാറിനെയും നഷ്ടമായ ഇന്ത്യക്ക് ഇഷാന്തിന്റെ നഷ്ടം വലിയ തിരിച്ചടിയാവുമായിരുന്നു. ടെസ്റ്റില്‍ ഏറെക്കാലമായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യന്‍ പേസ് പടയുടെ നായകനാണ് ഇഷാന്ത്.