ഓക്‌ലന്‍ഡ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനായ ജസ്പ്രീത് ബുമ്ര കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണ് ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞത്. ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ പന്തെറിഞ്ഞ ബുമ്ര ഒറ്റ വിക്കറ്റ് പോലും വീഴ്ത്താതെ നിരാശ സമ്മാനിച്ചു. കരിയറില്‍ ഇതാദ്യമായാണ് ബുമ്രക്ക് ഒരു പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെ പോവുന്നത്.

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്താതിരുന്ന ബുമ്ര ഓസീസിനെതിരെ അവസാനം കളിച്ച ഏകദിനത്തിലും വിക്കറ്റ് വീഴ്ത്തിയിട്ടില്ല. ഇതുകൂടി കണക്കിലെടുത്താല്‍ ബുമ്രയുടെ വിക്കറ്റ് വരള്‍ച്ച നാല് മത്സരങ്ങളായി.  അവസാനം കളിച്ച ആറ് ഏകദിനങ്ങളില്‍ ബുമ്ര ഒരേയൊരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. എന്നാല്‍ അവസാനം കളിച്ച ഏഴ് ടി20 മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്താന്‍ ബുമ്രക്കായി.

അവസാന ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുമ്ര 10 ഓവറില്‍ 50 റണ്‍സെ വിട്ടുകൊടുത്തുള്ളുവെങ്കിലും നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്താനായില്ല. പേസ് ബൗളര്‍മാര്‍ വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഏകദിന പരമ്പരയിലെ ഇന്ത്യയെ സമ്പൂര്‍ണ തോല്‍വിയിലേക്ക് നയിച്ചത്.  

1989നുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. ടി20 പരമ്പരയില്‍ 5-0ന്റെ തോല്‍വി വഴങ്ങിയ കിവീസിന്റെ മധുരപ്രതികാരം കൂടിയായി ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ജയം.