വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ നായകനും ബൗളിംഗ് ഇതിഹാസവുമായ കപില്‍ ദേവ്. ഓരോ മത്സരത്തിലും ടീമിനെ മാറ്റി പരീക്ഷിക്കുന്നതാണ് ടീമിന്റെ കനത്ത തോല്‍വിക്ക് കാരണമെന്ന് കപില്‍ പറഞ്ഞു.

ഓരോ മത്സരത്തിനും പുതിയ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എങ്ങനെയാണ് ഒരാള്‍ക്ക് ടീമില്‍ ഇത്രയേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നത് എന്ന് മനസിലാവുന്നില്ല. ടീമില്‍ ആരും സ്ഥിരമല്ല. ആരുടെ സ്ഥാനത്തിനും ഉറപ്പുമില്ല. ഇത് കളിക്കാരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും. കപില്‍ പറഞ്ഞു.

വിരാട് കോലി, പൂജാര, രഹാനെ തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്‍മാരുണ്ടായിട്ടും ഇന്ത്യക്ക് രണ്ട് ഇന്നിംഗ്സിലും 200 റണ്‍സ് പോലും നേടാനായില്ല. സാഹചര്യങ്ങളല്ല ഇന്ത്യയെ തോല്‍പ്പിച്ചത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനാവാത്തും തന്ത്രങ്ങള്‍ മെനയാത്തതുമാണ്. ടെസ്റ്റ് ടീമിലേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കാത്തത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. മികച്ച ഫോമിലുള്ള രാഹുല്‍ പുറത്തിരിക്കുകയാണ്. അത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഫോമിലുള്ള കളിക്കാരെ കളിപ്പിക്കുകയാണ് വേണ്ടത്.

ഞങ്ങള്‍ കളിച്ച കാലത്തെയും ഇപ്പോഴത്തെയും ക്രിക്കറ്റ് തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷെ ഒരു ടീമിനെ ഒരുക്കുമ്പോള്‍ കളിക്കാരന് ആത്മവിശ്വാസം നല്‍കാന്‍ ടീം മാനേജ്മെന്റിന് കഴിയണം. അതുകൊണ്ടുതന്നെ ഒരോ മത്സരത്തിലും ഒരുപാട് മാറ്റങ്ങളുമായി ഇറങ്ങുന്നത് ടീമിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും കപില്‍ പറഞ്ഞു.