മുംബൈ: കമന്ററി ബോക്സിലിരുന്ന് കളിക്കാരെക്കുറിച്ച് വിലിയിരുത്തലുകള്‍ നടത്തുകയും ഒടുവില്‍ വിവാദത്തില്‍ ചാടുകയും ചെയ്യുക എന്നത് മുന്‍ ഇന്ത്യന്‍ താം സഞ്ജയ് മ‍ഞ്ജരേക്കറുടെ പതിവ് ശീലമാണ്. ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിശേഷിപ്പിച്ചതും സെമിയിലെ വീരോചിത പ്രകടനത്തിനുശേഷം ജഡേജ അതിന് മറുപടി നല്‍കിയതും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.

എന്നാലിപ്പോള്‍ ഒരു ഇന്ത്യന്‍ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് മഞ്ജരേക്കര്‍. മറ്റാരുമല്ല, ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എല്‍ രാഹുലിനെ തന്നെ. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ റിവേഴ്സ് സ്വീപ്പിലൂടെ സെഞ്ചുറി നേിട ആരാധകരെ അമ്പരപ്പിച്ച രാഹുലിനെ 360 ഡിഗ്രി ക്രിക്കറ്റര്‍ എന്നാണ് മഞ്ജരേക്കര്‍ വിശേഷിപ്പിക്കുന്നത്.

വെറും 360 ഡിഗ്രി കളിക്കാരനല്ല രാഹുലെന്നും പരമ്പരാഗത ക്ലാസിക്കല്‍ ശൈലിയില്‍ 360 ഡിഗ്രി ലെവലില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു താരമാണ് രാഹുലെന്നും മ‍ഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ചാമനായി ക്രീസിലെത്തി രാഹുല്‍ 64 പന്തില്‍ 88 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടി20 പരമ്പരയില്‍ രാഹുലായിരുന്നു പരമ്പരയുടെ താരം.