പൂനെ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡബിള്‍ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെയും അജിങ്ക്യാ രഹാനെയുടെയും അര്‍ധസെഞ്ചുറികളുടെയും മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ റണ്‍മല ഉയര്‍ത്തിയ ഇന്ത്യ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൂടി വീഴ്ത്തി രണ്ടാം ടെസ്റ്റിലും ആധിപത്യം നേടി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം 601/5 എന്ന സ്കോറില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. റണ്‍മല കയറ്റം തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം ഡീന്‍ എല്‍ഗാര്‍(6). ഏയ്ഡന്‍ മാര്‍ക്രം(0), തെംബാ ബാവുമ(8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 20 റണ്‍സോടെ ഡീ ബ്രുയിനും രണ്ട് റണ്ണുമായി ആന്‍‌റിച്ച് നോര്‍ജെയുമാണ് ക്രീസില്‍. ഇന്ത്യക്കായി ഉമേഷ് യാദവ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു.

ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഉമേഷ്

ഇന്ത്യന്‍ ബാറ്റിംഗ് നിര ആടിത്തിമര്‍ത്തി പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചാണ് ഉമേഷ് യാദവ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഏയ്ഡന്‍ മാര്‍ക്രത്തെ ഉമേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡീല്‍ എല്‍ഗാറിനെക്കൂടി ഉമേഷ് പറഞ്ഞയച്ചതോടെ ദക്ഷിണാഫ്രിക്ക ശരിക്കും സമ്മര്‍ദ്ദത്തത്തിലായി. ബാവുമയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത്.

കിംഗ് കോലിയുടെ ദിനം

രണ്ടാം ദിനം വിരാട് കോലി റണ്‍മല പണിയുന്നതാണ് പൂണെയില്‍ കണ്ടത്. അജിങ്ക്യ രഹാനെയ്‌ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ കോലി 173 പന്തുകളില്‍ 26-ാം ടെസ്റ്റ് ശതകത്തിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഹോം ടെസ്റ്റില്‍ കോലിയുടെ ആദ്യ ശതകമാണിത്. ഈ വര്‍ഷം ആദ്യമായാണ് കോലി ടെസ്റ്റില്‍ നൂറ് തികയ്‌ക്കുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്‌സുകളിലും മൂന്നക്കം തികയ്‌ക്കാന്‍ കോലിക്കായിരുന്നില്ല.

അവസാന ഓവറുകളില്‍ ടി20 ശൈലിയില്‍ ബാറ്റുവീശിയ കോലിയും(254 നോട്ടൗട്ട്) ജഡേജയും(104 പന്തില്‍ 91) ഇന്ത്യയെ അതിവേഗം 600ല്‍ എത്തിച്ചു. ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ സിക്സറിനായുള്ള ശ്രമത്തില്‍ ജഡേജ വീണതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 336 പന്തില്‍ 254 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. ടെസ്റ്റിലെ കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഇന്ത്യ 273-3 എന്ന നിലയിലാണ് രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്. വിരാട് കോലിയും അജിങ്ക്യ രഹാനെയും നാലാം വിക്കറ്റില്‍ 178 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി രണ്ടാം ദിനം ഇന്ത്യയുടേതാക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്. രഹാനെയെ 59ല്‍ നില്‍ക്കേ പുറത്താക്കി കേശവ് മഹാരാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ കുതിപ്പ് തുടരുന്ന കോലിയും പിന്തുണച്ച് ജഡേജയും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയാണ്. ഇതിനിടെ 7000 ടെസ്റ്റ് റണ്‍സും കോലി തികച്ചു.

വീണ്ടും മിന്നലായി മായങ്ക്, ആദ്യ ദിനം ഇന്ത്യയുടേത്

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. അഗര്‍വാള്‍ 195 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സുകളും സഹിതം 108 റണ്‍സെടുത്തു. ടെസ്റ്റ് കരിയറില്‍ മായങ്കിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. ചേതേശ്വര്‍ പൂജാര(58), രോഹിത് ശര്‍മ്മ(14) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റ് ബാറ്റ്സ്‌മാന്‍മാര്‍. മൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസര്‍ കാഗിസോ റബാഡയാണ്.