വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആര്‍ അശ്വിന്‍. കരിയറിലെ 27-മത് അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. വിദേശ പരമ്പരകളില്‍ അശ്വിനെ ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കാത്തതിനാല്‍ പല മത്സരങ്ങളിലും അശ്വിന് ടീമിന് പുറത്തായിരുന്നു സ്ഥാനം.

ഇക്കാലയളവില്‍ താന്‍ ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയെന്ന് അശ്വിന്‍ മുമ്പ് പറഞ്ഞിരുന്നു. മൂന്നാം ദിവസത്തെ കളിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താങ്കള്‍ എന്തുകൊണ്ടാണ് ക്രിക്കറ്റ് കാണുന്നത് നിര്‍ത്തിയതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ രസകരമായിരുന്നു അശ്വിന്റെ മറുപടി. അറിയാത്തവര്‍ക്കായി പറയാം. രണ്ട് കുട്ടികളാണ് എനിക്ക്. അവര്‍ രാത്രി ഉറങ്ങാറില്ല, രാത്രി മുഴുവന്‍ ഉറക്കം ഒഴിച്ചിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് പകല്‍ ക്രിക്കറ്റ് കാണാന്‍ സമയമുണ്ടാവുക-അശ്വിന്‍ ചോദിച്ചു.

എന്നാല്‍ ടീമില്‍ നിന്ന് പുറത്തായ കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ കാണുമ്പോള്‍ തനിക്കും അതിന്റെ ഭാഗമാകണമെന്ന അതിയായ ആഗ്രഹം തോന്നാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും അശ്വിന്‍ പറഞ്ഞു. എല്ലാവരും അതുപോലെ ചിന്തിക്കുന്നവരായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ആ നിരാശ മറികടക്കാനായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയത്ത് മറ്റ് ചിലകാര്യങ്ങളിലേക്ക് ഞാന്‍ എന്റെ ശ്രദ്ധ തിരിച്ചു. വായനയും കരകൗശല നിര്‍മാണവും പോലെ ഉള്ളവ-അശ്വിന്‍ പറഞ്ഞു.