മൊഹാലി: എം എസ് ധോണിയുടെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെടുന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും മോശം ഷോട്ട് കളിച്ചായിരുന്നു പന്തിന്‍റെ മടക്കം. ഇതോടെ പന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

എം എസ് ധോണിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന ആരാധകരുമുണ്ട്. പന്തിന് ഒരിക്കലും ധോണിയെ പോലെ ആവാന്‍ കഴിയില്ലെന്നും ചില ആരാധകര്‍ വാദിക്കുന്നു. 

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഋഷഭിന് പകരം സഞ്ജു സാംസണിനെയോ ഇഷാന്‍ കിഷനെയോ വിക്കറ്റ് കീപ്പറാക്കണമെന്ന ആവശ്യം ശക്തമാണ്. മൊഹാലി ടി20യില്‍ മൂന്നാമനായി പുറത്താകുമ്പോള്‍ അഞ്ച് പന്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. പന്ത് ഏറെ പഴികേള്‍ക്കുന്ന അനാവശ്യ ഷോട്ടാണ് ഇത്തവണയും മടക്കടിക്കറ്റ് നല്‍കിയത്.