ഇഷാന്‍ കിഷനും (Ishan Kishan) റുതുരാജ് ഗെയ്ക്‌വാദും നല്‍കുന്ന തുടക്കവും അവസാന ഓവറുകളിലെ ഹാര്‍ദിക് പണ്ഡ്യയുടേയും ദിനേശ് കാര്‍ത്തിക്കിന്റെയും കൂറ്റന്‍ ഷോട്ടുകളും നിര്‍ണായകമാവും.
വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക (IND vs SA) നാലാം ട്വന്റി 20 ഇന്ന് രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. വിശാഖപട്ടണത്ത് ആധികാരിക വിജയം നേടിയെങ്കിലും സമ്മര്‍ദം റിഷഭ് പന്തിന്റെ ഇന്ത്യക്ക്. ആദ്യ രണ്ട് കളിയും തോറ്റതിനാല്‍ പരന്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയാവട്ടെ അവസാന മത്സരത്തിന് മുന്‍പ് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. പന്ത് ഒഴികെയുള്ള ബാറ്റര്‍മാര്‍ ഫോമിലാണെങ്കിലും സ്ഥിരതയില്ലായ്മ ആശങ്കയാണ്.
ഇഷാന്‍ കിഷനും (Ishan Kishan) റുതുരാജ് ഗെയ്ക്‌വാദും നല്‍കുന്ന തുടക്കവും അവസാന ഓവറുകളിലെ ഹാര്‍ദിക് പണ്ഡ്യയുടേയും ദിനേശ് കാര്‍ത്തിക്കിന്റെയും കൂറ്റന്‍ ഷോട്ടുകളും നിര്‍ണായകമാവും. ഹര്‍ഷല്‍ പട്ടേലിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും (Yuzvendra Chahal) ബൗളിംഗ് മികവും പ്രതീക്ഷ നല്‍കുന്നു. മധ്യഓവറുകളിലെ റണ്ണൊഴുക്ക് തടയണം. പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാല്‍ ഉമ്രാന്‍മാലിക്കും അര്‍ഷ്ദീപ് സിംഗും കാത്തിരിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മാര്‍ക്രാം ഉണ്ടാവില്ലെന്നുറപ്പാണ്. റീസ ഹെന്‍ഡ്രിക്‌സിന് പകരം ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തിയേക്കും. മില്ലറേയും ക്ലാസനേയും ഡുസനേയും പിടിച്ചുകെട്ടുകയാവും ഇന്ത്യയുടെ വെല്ലുവിളി. ബാറ്റര്‍മാരെ തുണയ്ക്കുന്ന വിക്കറ്റാണ് രാജ്‌കോട്ടിലേത്. ടോസ് നേടുന്നവര്‍ പതിവുപോലെ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യ: റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ ട്ടേല്‍, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.
ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്സ്/ ക്വിന്റണ്‍ ഡി കോക്ക്, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.
കഴിഞ്ഞ മത്സരത്തില്‍ 48 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററ്. നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
