മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കും. ഇടിമിന്നലോടെ മഴയുണ്ടായേക്കുമെന്നാണ് പ്രവചനം.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരത്തിനായി വെള്ളിയാഴ്ച്ച (നവംബര്‍ 15) ഇറങ്ങുകയാണ് ഇന്ത്യ. ജൊഹാനസ്ബര്‍ഗിനെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമാണ് ഇന്ത്യ അടുത്ത ടി20 പരമ്പര കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് നാളെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിരുന്നു സഞ്ജു.

എന്നാല്‍ സഞ്ജു ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കും. ഇടിമിന്നലോടെ മഴയുണ്ടായേക്കുമെന്നാണ് പ്രവചനം. പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസായി താഴുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ 80 ശതമാനം സാധ്യതയുണ്ട്. എന്നിരുന്നാലും, കാലാവസ്ഥ പിന്നീട് മെച്ചപ്പെട്ടേക്കാമെന്നാണ് പ്രവചനം. മത്സരത്തിനിടെ മഴയെത്താന്‍ സാധ്യത കൂടുതലാണ്.

പിച്ച് റിപ്പോര്‍ട്ട്

ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചാണ് ജൊഹന്നാസ്ബര്‍ഗിലേത്. എന്നാല്‍ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ പോലെ പേസും ബൗണ്‍സുമുണ്ടാകും. അവസാന 10 ടി20 മത്സരങ്ങളിലെ ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍ 174 റണ്‍സാണ്. 33 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 16 എണ്ണം ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം 17 തവണ വിജയിച്ചു.

സാധ്യതാ ഇലവന്‍

ആദ്യ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശര്‍മ തന്നെയാകും സഞ്ജുവിനൊപ്പം നാളെ ഓപ്പണർ ആയി ഇറങ്ങുക. സെഞ്ചൂറിയനില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരുമെന്ന് മൂന്നാം ടി20ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങും. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമന്‍. റിങ്കു സിംഗിന് പകരം ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയേക്കും. ബാറ്റിംഗ് കരുത്തു കൂട്ടാനായി അക്സര്‍ പട്ടേലും രമണ്‍ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ തുടരും. പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗിനൊപ്പം നാളെ യാഷ് ദയാലിന് അവസരം നല്‍കിയാല്‍ രവി ബിഷ്ണോയി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായേക്കും. മികച്ച ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി രണ്ടാം സ്പിന്നറായി കളിക്കും.