പൂനെ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മികിവിനെ പുകഴ്ത്തി കോച്ച് രവി ശാസ്ത്രി. വ്യക്തിജീവിതത്തില്‍ പല വിഷയങ്ങളും അലട്ടുമ്പോഴും ഇത്തരത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്. തുടര്‍ച്ചയായി മികവ് കാട്ടുന്ന ബൗളറാണ് ഷമി. അദ്ദേഹത്തെ നേരിടാന്‍ എനിക്കും ഇഷ്ടമല്ല-ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആദ്യ ടെസ്റ്റിലേതുപോലുള്ള സാഹചര്യങ്ങളില്‍ ഷമിയോളം മികവോടെ പന്തെറിയാന്‍ കഴിയുന്ന അധികം ബൗളര്‍മാരൊന്നുമില്ലെന്നും ശാസ്ത്രി പറഞ്ഞു.

ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തെ ക്യാപ്റ്റന്‍ വിരാട് കോലിയും അഭിനന്ദിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറാണ് ഷമിയെനന്നായിരുന്നു കോലി പറഞ്ഞത്. ഷമി കരിയറില്‍ നാലു തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ഇതെല്ലാം രണ്ടാം ഇന്നിംഗ്സിലാണെന്നും ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോഴായിരുന്നുവെന്നും കോലി പറഞ്ഞിരുന്നു. റിവേഴ്സ് സ്വിംഗ് കണ്ടെത്താനുള്ള കഴിവാണ് ഷമിയുടെ ശക്തിയെന്നും കോലി വ്യക്തമാക്കിയിരുന്നു.

2018നുശേഷം കളിച്ച ടെസ്റ്റുകളില്‍ രണ്ടാം ഇന്നിംഗ്സില്‍ ഷമി 40 വിക്കറ്റ് വീഴ്ത്തിയപ്പോള്‍  ഒന്നാം ഇന്നിംഗ്സില്‍ 23 വിക്കറ്റ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിംഗ്സിലെ ബൗളിംഗ് ശരാശരി 17.70 ഉം പ്രഹരശേഷി 32.10 ഉം ആണ്. എന്നാല്‍ ഒന്നാം ഇന്നിംഗ്സില്‍ ഇത് യഥാക്രമം 37.56 ഉം 70.05 ഉം ആണെന്നതും ശ്രദ്ധേയമാണ്.