വിശാഖപട്ടണം: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ രോഹിത് പൂജ്യനായി പുറത്തായപ്പോള്‍ ടെസ്റ്റിലെ രോഹിത്തിന്റെ അരങ്ങേറ്റത്തില്‍ സംശയിച്ചവരേറെയാണ്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് സ്വന്തമാക്കിയത് ടെസ്റ്റില്‍ മറ്റൊരു ഓപ്പണറും സ്വന്തമാക്കാത്ത അപൂര്‍വ റെക്കോര്‍ഡും. ഓപ്പണറായി ഇറങ്ങിയ ആദ്യ ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തം പേരിലാക്കിയത്.

ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സടിച്ച രോഹിത് രണ്ടാം ഇന്നിംഗ്സില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശി 127 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിനൊപ്പം ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തം പേരിലെഴുതി. രണ്ട് ഇന്നിംഗ്സിലുമായി 13 സിക്സറുകളാണ് രോഹിത് അടിച്ചുകൂട്ടിയത്. ശ്രീലങ്കക്കെതിരെ എട്ട് സിക്സറുകള്‍ നേടിയ നവജ്യോത് സിദ്ധുവിന്റെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്.

ആദ്യ ഇന്നിംഗ്സില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് അടിച്ചുകൂട്ടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏത് വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായിരുന്നു.